Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 5, 6, and 7
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം അദ്ധ്യായം 5
അന്പാടി തന്നിലന്നു നന്ദ-ഗോപനും മറ്റു
ദന്പതീജനങ്ങളും രോഹിണീ-ദേവിതാനും
പെറ്റിതു യശോദയെന്നാരുമേയറിഞ്ഞീല
കുറ്റമ, ല്ലവൾതന്നേ ചെറ്ററിഞ്ഞതേയുള്ളൂ.
പിറ്റന്നാൾ പുലർകാലേ ബാലക-ശബ്ദം കേട്ടു
തെറ്റെന്നു നന്ദ-ഗോപൻ ചെന്നങ്ങു നോക്കുന്നേരം
കോമളനായിട്ടൊരു പുത്രനെക്കണ്ടമൂലം
ആമോദം ഉണ്ടായതും എന്തു ഞാൻ പറയുന്നു !
നന്ദന-മുഖം കണ്ടു നന്ദനും സ്നാനം ചെയ് തു
നന്ദിച്ചു വിപ്രന്മാർക്കു ദാനവും തുടങ്ങിനാൻ. 10
ശിൽപ്പമായലങ്കരിച്ചുള്ളൊരു പശുക്കളെ
വിപ്രന്മാർക്കിരുന്നൂറു സഹസ്രം നൽകീടിനാൻ.
പിന്നെയും ഏഴു തില-പർവത-ദാനം ചെയ് തു
പൊന്നുകൾ പണങ്ങളും പട്ടുകൾ വസ്ത്രങ്ങളും
എന്നിവ തൃപ്തി-വരുവോളവും നൽകീടിനാൻ
നന്ദനന്നാശീർവാദം ചെയ് തിതു വിപ്രന്മാരും.
ജാത-മോദേന ജാത-കർമ്മവും ചെയ് യിപ്പിച്ചു
കൌതുകത്തോടും വന്നാർ കേട്ടവരെല്ലാവരും.
ഗോപന്മാരലങ്കരിച്ചോരോരോ കാഴ്ചയും കൊ--
ണ്ടാബാല-വൃദ്ധം വന്നു ബാലനെക്കണ്ടീടിനാർ. 20
ഗോപസ്ത്രീ-ജനങ്ങളും എത്രയും മോദത്തോടും
ആപാദ-ചൂഡം അലങ്കരിച്ചു പുറപ്പെട്ടു.
ചെന്നുടൻ ബാലൻതന്നെക്കണ്ടു കൌതുകത്തോടു
നന്ദിച്ചങ്ങെടുത്തോരോ പാട്ടുകൾ പാടീടിനാർ.
ഗോപന്മാർ ദധി-ക്ഷീരം ഊക്കുന്നു പരസ്പരം
ഗോപ-ബാലകന്മാരും വെണ്ണ-കൊണ്ടെറിയുന്നു.
നന്ദി-ഗായക-സ്തുതി-പാഠകന്മാരുമെല്ലാം
ഒന്നിച്ചു നിജ-നിജ-കൃത്യങ്ങൾ ഘോഷിയ് ക്കുന്നു.
മന്ദിരങ്ങളും എല്ലാം എത്രയും അലങ്കരി--
ച്ചുന്നത രത്ന-ദീപ-പങ് തികൾ വെച്ചീടിനാർ. 30
എന്നിവ ഘോഷമെല്ലാം എങ്ങിനെ പറയുന്നു ?
നന്ദനും അവർക്കെല്ലാം വേണ്ടതു നൽകീടിനാൻ.
നന്ദ-ഗോപനു പുത്രൻ ഉണ്ടാകുന്നതിൻമുന്പേ
സുന്ദരീ രോഹിണിയും പെറ്റിതു കുമാരനെ.
തന്നുടെ പുത്രനോടു തുല്യമായ് വഴിപോലെ
നന്ദനും ലാളിച്ചിതു രോഹിണീ-പുത്രനേയും .
ഇന്ദിരാ-പതി വന്നു ഗോകുലേ വസിയ് ക്കയാൽ
അന്നുതൊട്ടിവിടെയായ് വന്നിതു ലക്ഷ്മീ-വാസം.
അന്നൊരു ദിനം നന്ദ-ഗോപനും ഗോപന്മാരെ
നന്ദനൻതന്നെപ്പാലിച്ചീടുവാൻ ആക്കിക്കൊണ്ടു 40
കപ്പമുള്ളതു കംസ-ദുഷ്ടനു നൽകീടുവാൻ
തൽപ്പുരം പ്രാപിച്ചതു കൊടുത്തു പോന്നൂ പിന്നെ--
ച്ചെന്നിതു വസുദേവൻതന്നുടെ ഗൃഹത്തിങ്കൽ;
നന്ദിച്ചു വസുദേവനാശ്ലേഷം ചെയ് തീടിനാൻ.
വന്ന കാരണമതും കുശല-പ്രശ്നങ്ങളും
ധന്യനാം വസുദേവൻ ചോദിച്ചോരനന്തരം
വൃത്താന്തമെല്ലാം ഉരചെയ് തിതു നന്ദൻതാനും:--
"എത്രയും കഷ്ടം ഓർത്താൽ നിന്നുടെ പുത്രൻമാരെ
കൊന്നിതു കംസനെന്നു കേട്ടിതു സഖേ ഞാനും;
ധന്യനാം ഭവാനിതു വരുവാനെന്തുമൂലം ? 50
ദൈവ-കൽപ്പിതം എന്നേ ചൊല്ലുവാനുള്ളൂ പാർത്താൽ.
ദൈവത്തിൻ നിയോഗങ്ങൾ ആർക്കാനും ഒഴിയ് ക്കാമോ ?"
എന്നുള്ള നന്ദവാക്യം കേട്ടു ശൌരിയും ചൊന്നാൻ :--
"ഇന്നു നീ മഹാ-ഭാഗ്യ-ശാലിയായ് വന്നൂ നൂനം.
വൃദ്ധനായ്, അപുത്രനായ് വാഴുന്ന ഭവാനിന്നു
വൃദ്ധിയും കുലത്തിന്നു വന്നിതു വിധിവശാൽ.
ത്വൽപ്പുത്രൻ മമ പുത്രനെന്നതു ധരിച്ചാലും
മൽപ്പ്രാണൻതാനും ഭവൽപ്പ്രാണനും ഒന്നല്ലയോ ?
ധന്യനാകിയ നിന്നെത്താതനെന്നോർത്തീടുന്നോ--
രെന്നുടെ തനയനെപ്പാലിച്ചുകൊൾക ഭവാൻ. 60
അൽപ്പവും ഇവിടെ നീ താമസിയ് ക്കരു, തിപ്പോൾ
ഉൽപ്പാതങ്ങളുമുണ്ടു ഗോകുലേ കാണാകുന്നൂ.
തമ്മിലൊന്നിച്ചു സുഖിച്ചെപ്പോഴും വസിപ്പാനും
കർമ്മമില്ലതുകൊണ്ടു പോയാലും ഭവാനിപ്പോൾ."
എന്നിവ പലതരം തങ്ങളിലുരചെയ് തു
നന്ദ-ഗോപനും യാത്രപറഞ്ഞു പോയീടിനാൻ.
അദ്ധ്യായം അഞ്ചു പറഞ്ഞീടിനേൻ ഇനിയും ഞാൻ
മുഗ്ദ്ധ-ലോചനമാരേ, ചൊല്ലുവൻ കേട്ടുകൊൾവിൻ. 68
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
-- അദ്ധ്യായം 6
നന്ദ-ഗോപനും പഥി ചിന്തിച്ചീടിനാൻ:-- "മഹാ--
ധന്യനാം വസുദേവൻ ചൊല്ലിയാലൊക്കുമല്ലൊ.
എന്തുവാൻ മമ പുത്രനാപത്തു വരുന്നതു ?
ഹന്ത ദൈവമേ, മമ മാനസം ഉരുകുന്നു."
എന്നെല്ലാം നിരൂപിച്ചു പന്നഗ-ശയനനെ--
ത്തന്നുള്ളിൽ ഉറപ്പിച്ചു വേഗേന നടകൊണ്ടാൻ.
അക്കാലം പിശാചിയാം പൂതന ബാലന്മാരെ
ഒക്കവേ കൊന്നീടുവാൻ, കംസന്റെ നിയോഗത്താൽ
ഓരോരോ ദിക്കിൽച്ചെന്നു കണ്ട ബാലകന്മാരെ--
പ്പാരാതെ കൊന്നുകൊന്നു നന്ദ-ഗോകുലം പുക്കാൾ. 10
സുന്ദരീ-വേഷം പൂണ്ടു മന്ദമായ് നടന്നവൾ
നന്ദ-ഗോപന്റെ പുരം പുക്കിതു യദൃച്ഛയായ്.
സുന്ദരിയുടെ രൂപ-ശോഭ-കണ്ടൊരു ഗോപ--
തന്വിമാരെല്ലാവരും സ്തബ്ധരായ് നിന്നുപോയി.
മന്ദഹാസവും തൂകിപ്പൂതനതാനും നന്ദ--
നന്ദനൻതന്നെയെടുത്തങ് കത്തിൽ കിടത്തിനാൾ.
തന്നുടെ കാലൻതന്നെ നന്ദിച്ചു മടിയിൽ വെ--
ച്ചുന്നത-സ്തനങ്ങളും കൊടുത്താൾ കൃശോദരി.
"പാപിയാം ഇവളെ ഞാൻ കൊല്ലുവ"നെന്നുറച്ചു
കോപേന മുകുന്ദനും മുലയും കുടിച്ചുതേ. 20
മോദമോടവൾ ചെറ്റു വസിച്ചോരനന്തരം
വേദന സഹിയാഞ്ഞു ബാലനോടുരചെയ്താൾ:—
"അയ് യയ് യോ കുമാരക! നീയെന്നെച്ചതിച്ചിതോ ?
മെയ് യെല്ലാം വിറയ് ക്കുന്നൂ, വേദന പെരുകുന്നൂ.
മുഞ്ച ! മുഞ്ച ! മേ കുചം ! ചഞ്ചല-വിലോചന !
പഞ്ചത്വം വരാനുള്ള കാലവും മമ വന്നൂ.
ഇത്തരം പറഞ്ഞിട്ടും വിട്ടീല കുമാരകൻ;
സത്വരം ബാലൻതന്നെത്താഡിച്ചാൾ തെരുതെരെ.
ഹസ്തങ്ങൾ തകർന്നിതു, ബാലനു കൊണ്ടീലേതും
ചിത്രമെന്നോർത്തവളും വാവിട്ടങ്ങലറിനാൾ. 30
പൂതനയുടെ മുലപ്പാലോടുകൂടെത്തന്നെ
ചേതനകൂടിപ്പാനം ചെയ് തിതു നാരായണൻ.
അന്നേരം അവൾതാനും തന്നുടെ രൂപംപൂണ്ടു
നിന്നുടൻ ഒന്നലറിച്ചത്തങ്ങു വീണീടിനാൾ.
എന്തൊരു ശബ്ദമെന്നു ചിന്തിച്ചു ജനങ്ങളും
അന്ധരായോരോ ദിശി മണ്ടിനാർ ഭയത്തോടും.
ഘോരയാം പിശാചിതൻ ദേഹവും അതുനേരം
നേരോടെ പതിനഞ്ചു നാഴികയുണ്ടു നീളം.
വണ്ണവും അവളുടലഞ്ചു നാഴികയല്ലോ
വർണ്ണവും കാളമേഘം തന്നോടു തുല്യമത്രേ. 40
ഘോരമാം അവളുടെ ദേഹം വീണൊരു ദിക്കിൽ
പാറകൾ വൃക്ഷങ്ങളും ഒക്കവേ പൊടിഞ്ഞുപോയ്.
പൂതനാ-ദേഹത്തിന്മേൽ ക്രീഡിച്ചു കിടക്കുന്ന
കൈതവ-ബാലൻതന്നെക്കണ്ടോരു ഗോപിമാരും
മണ്ടിച്ചെന്നെടുത്തുകൊണ്ടിങ്ങു പോന്നിതു മോദാൽ;
കണ്ടവരെല്ലാവരും ഒന്നിച്ചു തഴുകിനാർ.
ഗോമൂത്രംകൊണ്ടു കുളിപ്പിച്ചിതു കുമാരനെ
ഗോമയ-ചൂർണ്ണംകൊണ്ടു ധൂളനമതും ചെയ് തു.
ഗോപുച്ഛം കൊണ്ടുതന്നെ മേലെല്ലാം ഉഴിഞ്ഞിതു;
ദീപവും ഉഴിഞ്ഞിതു ബകുള-പത്രത്തോടും. 50
രക്ഷയും ചെയ് തു പിന്നെ വിഷ്ണു-പഞ്ജരംകൊണ്ടു
തൽക്ഷണം യശോദതൻ മുലയും നൽ കീടിനാൾ.
അന്നേരം നന്ദ-ഗോപൻ വന്നിതു കണ്ടനേരം
തന്നുള്ളിൽ നിനച്ചിതു ശൌരിതന്നുടെ വാക്യം.
പിന്നെയും നിരൂപിച്ചാൻ:-- "എന്നുടെ സുതനിവൻ
ധന്യരാം ദേവന്മാരിലേകനായ് വരുമവൻ.
അല്ലായ് കിലിവൾതന്നെക്കൊന്നതു ചേരുന്നില്ല
വല്ലതെന്നാലും പരിപാലിയ് ക്കും നാരായണൻ. '
ഇത്തരം വിചാരിച്ചു പൂതനയുടെ ദേഹം
ശസ്ത്രങ്ങൾകൊണ്ടു ഖണ്ഡിച്ചെത്രയും ചെറുതാക്കി 60
വഹ്നിയിൽ ദഹിപ്പിച്ചാരന്നേരം നല്ലോരകിൽ--
തന്നുടെ ഗന്ധംപോലെ ധൂമ-ഗന്ധവും വന്നൂ.
കൊല്ലുവാനെന്നാകിലും മെല്ലവേ മടിയിൽ വെ--
ച്ചുല്ലാസമോടു മുലകൊടുത്ത നിമിത്തമായ്
ദുഷ്ടയാം പിശാചിയായുള്ളൊരു പൂതനയ് ക്കു
പെട്ടെന്നു ലഭിച്ചിതു സൽഗ്ഗതിയറിഞ്ഞാലും.
സ്നേഹേന മുല കൊടുത്തീടിന ഗോപിമാർക്കു--
മാഹന്ത ദേവകിയ് ക്കുമെന്തു ചൊൽവതു പിന്നെ ?
പൂതനാ-മോക്ഷമിതു പാടുന്ന ജനങ്ങൾക്കും
പ്ര്രീതിയോടിതു കേട്ടീടുന്നോരു ജനങ്ങൾക്കും 70
ചേതസി വിഷ്ണു-ഭക്തി വർദ്ധിച്ചു വരുമല്ലോ;
പൂതനാമോക്ഷം ആറാം അദ്ധ്യായം ഉരചെയ് തേൻ.
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
അദ്ധ്യായം 7
ഇങ്ങിനെ നന്ദ-ഗോപൻതന്നുടെ ഗൃഹംതന്നിൽ
മങ് ഗളം നൽകീടുന്ന ഭഗവാൻ നാരായണൻ
ബാലക-വേഷം പൂണ്ടു വാണോരു കാലത്തിങ്കൽ
മാലോകർക്കെല്ലാം ഉള്ളിൽ ആനന്ദം വളർന്നൂതേ.
ഗോകുലത്തിങ്കൽ പശു-വൃന്ദവും വൃക്ഷങ്ങളും
ചാകയുമില്ല, നാളിൽ നാളിലങ്ങുണ്ടായീടും.
ക്ഷീരവും ഓരോ ഗോക്കൾക്കോരോരോ കുടമുണ്ടു
പാരാതെ മൂന്നുനേരം നിത്യവും കറന്നീടും.
ദുർഭിക്ഷം, ദുർമ്മരണം എന്നിവ കേൾപ്പാനില്ലാ
ദുർഭഗമായ രൂപം എങ്ങുമേ കാണ്മാനില്ലാ. 10
അക്കാലം വാതിൽപ്പുറപ്പാടതു കഴിയ് ക്കാനായ്
ഒക്കെയും ഒരുക്കിനാർ നന്ദനുമെശോദയും.
വാതിലും പുറപ്പെട്ടു ഗോദാനങ്ങളും ചെയ്തു
പ്രീതിയോടകത്തങ്ങു വന്നപ്പോൾ യശോദയും
നല്ലൊരു മെത്തതന്മേൽ കിടത്തി കുമാരനെ
മെല്ലവേ മുലകൊടുത്തുറക്കിപ്പോന്നൂ; പിന്നെ
വന്നൊരു ജനങ്ങളെസ്സൽക്കരിപ്പതിനായി--
സ്സന്നാഹത്തോടുമോരോ കോപ്പുകൾ കൂട്ടുന്നേരം
ദുഷ്ടനായുള്ള ശകടാസുരൻ കംസൻ ചൊല്ലാൽ
പെട്ടെന്നങ്ങൊരു ചാടായ് വന്നിതു മായത്താലേ. 20
ബാലകനുടെ മീതേ വന്നങ്ങു നിന്നീടിനാൻ;
കാലുൻ കുടഞ്ഞൊന്നു കരഞ്ഞൂ കുമാരനും.
ബാലകൻ കരഞ്ഞതു കേട്ടീല യശോദയും
നാലഞ്ചു ബാലകന്മാർ അന്നേരം തത്ര ചെന്നാർ.
പാടല-വർണ്ണമാകും ബാലന്റെ പദം തട്ടി
ചാടൊരു നൂറായിരം നുറുങ്ങി വീണൂ ഭുവി.
ദുഷ്ടനാം അസുരനു സൽഗ്ഗതിയതും വന്നു;
കേട്ടിതങ്ങോരു ശബ്ദം ഘോരമായെല്ലാവരും.
എന്തിതെന്നോർത്തു ഭയം പൂണ്ടുടനെല്ലാവരും
അന്ധരായ് കുമാരന്റെ സന്നിധൗ ചെന്നനേരം 30
ഛിന്നമായ് ക്കിടക്കുന്ന ശകടമതും കണ്ടു
മന്ദഹാസവും പൂണ്ട ബാലകനെയും കണ്ടാർ.
എന്തൊരത്ഭുതമെന്നെല്ലാരും പറഞ്ഞപ്പോൾ
ബന്ധമുണ്ടായതെല്ലാം ബാലന്മാരുരചെയ് താർ.
ചേർച്ചയില്ലിതു പാർത്താൽ എന്നുറച്ചെല്ലാവരും
ഈശ്വരനറിഞ്ഞീടാം എന്നങ്ങു പോയീടിനാർ.
ബാലനെച്ചെന്നു വേഗാൽ എടുത്തു യശോദയും
കാലുകൾ തലോടിത്തൻമുലയും നൽകീടിനാൾ.
രക്ഷിയ് ക്ക നാരായണൻ എന്നുരചെയ് തു പല
രക്ഷകൾ ചെയ് യിപ്പിച്ചു വിപ്രേന്ദ്രന്മാരെക്കൊണ്ടും. 40
അങ്ങിനെ ചെറ്റുകാലം കഴിഞ്ഞോരനന്തരം
അന്നൊരു ദിനം നന്ദ-പത്നിയാം യശോദയും
തന്നുടെ ശയ് യതന്മേലിരുത്തിക്കുമാരനെ
തന്നുടെ മടിതന്നിൽക്കിടത്തി മുല നൽകി;
ചന്ദ്രബിംബാഭിരാമമാകിയ വദനവും
മന്ദഹാസവും കണ്ടങ്ങാദരിച്ചിരിയ് ക്കുന്പോൾ
ബാലകൻതന്റെ ഘനം സഹിച്ചുകൂടായ് കയാൽ
ബാലയാം അവൾ തത്ര കിടത്തിപ്പതുക്കവേ.
അന്നേരം തൃണാവർത്തനാകിയ മഹാസുരൻ
വന്നിതു ചക്ര-വാത-രൂപമായ് കംസൻചൊല്ലാൽ. 50
വൃക്ഷങ്ങൾ ശിലകളും ഗജങ്ങൾ ഗൃഹങ്ങളും
തൽക്ഷണേ ചുഴന്നുടൻ ആകാശേ ഗമിയ് ക്കുന്നു.
അന്ധകാരവും വന്നു നിറഞ്ഞു ജനങ്ങളും
അന്ധരായ് വന്നൂ ചരക്കല്ലുകൾ വർഷിയ് ക്കുന്നൂ.
മായകൊണ്ടിവയെല്ലാം ഉണ്ടാക്കി മഹാസുരൻ
മായാ-ബാലകനെയും എടുത്തു വേഗത്തോടെ
ആകാശേ പോകുന്നേരം ബാലനും ഗളംതന്നിൽ
കൈകൊണ്ടു പിടിച്ചിതു പേടിച്ചിട്ടെന്ന പോലെ.
നീലമാമല കയ് യിലെടുക്കുമസുരനു
ബാലകൻതന്റെ ഭാരം സഹിച്ചുകൂടായ് കയാൽ 60
കുണ് ഠനായ് പ്പാറതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ
കണ് ഠത്തിൽപ്പിടിച്ചോരു ബാലകൻ വിടായ് കയാൽ
വീർപ്പുകൾമുട്ടിക്കണ്ണു തുറിച്ചു വശംകെട്ടു
വായ് പ്പോടങ്ങലറിക്കൊണ്ടവനും വീണീടിനാൻ.
നല്ലൊരു പാറതന്മേൽ വീണവൻ തകർന്നുപോയ് --
ത്തെല്ലുമേ കുമാരനു കേടുകൾ പിണഞ്ഞീല.
ചത്തുവീണൊരു ദൈത്യൻതന്നുടെ മാറിടത്തിൽ
സ്വസ്ഥനായ് ക്കിടക്കുന്ന ബാലനെക്കണ്ടനേരം
വല്ലവിമാരും ചെന്നങ്ങെടുത്തു വേഗത്തോടും
മെല്ലവേ യശോദതൻ കരത്തിൽ നൽകീടിനാർ. 70
മുലയും കൊടുത്തവൾ നന്ദഗോപനു നൽകീ
പലതുമാശീർവാദം ചെയ് തിതു നന്ദൻ താനും.
"എന്തൊരു സുകൃതം ഞാൻ ചെയ് തതെന്നറിഞ്ഞീല
ബന്ധുര-ഗാത്രനാകും എന്നുടെ പുത്രനിപ്പോൾ
എന്തെല്ലാം ആപത്തുകൾ വന്നതിന്നവയെല്ലാം
എന്തൊരു ഭാഗ്യംകൊണ്ടു നീങ്ങിയതറിഞ്ഞീല!
മായമെന്നിയേ സേവിച്ചീടുന്ന നമ്മെയെല്ലാം
മായാ-മോചനൻ പരിപാലിയ് ക്കും നാരായണൻ."
എന്നെല്ലാം ഉരചെയ് തു നന്ദനും വസുദേവൻ-
തന്നുടെ വാക്കുകളെ മാനിച്ചു മരുവിനാൻ. 80
പിന്നെയങ്ങൊരുദിനം പുത്രനെ മടിയിൽവെ--
ച്ചുന്നത-സ്തനങ്ങളും കൊടുത്തു യശോദയും
നന്ദന-മുഖം പാർത്തു നന്ദിച്ചങ്ങിരിയ് ക്കുന്പോൾ
മന്ദം വാപിളർന്നൊന്നു ജൃംഭിച്ചു കുമാരനും.
ചോരിവാതന്നിലതു നേരത്തു യശോദയും
നേരോടേ പതിന്നാലു ലോകവും കണ്ടീടിനാൾ.
ദേവ-ഗന്ധർവ-യക്ഷ-കിന്നരാദികളേയും
ദേവസ്ത്രീ-ജനത്തേയും അപ്സര-സ്ത്രീകളേയും
ഇന്ദ്രാദി-ലോക-പാലന്മാരെയും കണ്ടാൾ, പിന്നെ
ചന്ദ്ര-സൂര്യന്മാരെയും മൂർത്തികൾ മൂവരെയും 90
രാക്ഷസ-പിശാച-ഭൂതാസുര-ഗണത്തേയും
ദക്ഷ-നാരദനാദി-മാമുനി-ജനത്തെയും
പർവത-നദീ-സമുദ്രാദികളേയും കണ്ടാൾ.
സർവ-മാനുഷ-നാരീ-ജന്തുവൃന്ദവും കണ്ടാൾ
എന്നല്ല ചരാചരമൊക്കെയും കണ്ടശേഷം
തന്നെയും കണ്ടനേരം വിസ്മയം പൂണ്ടീടിനാൾ.
അന്നേരം മുലകുടിച്ചീടിനാൻ കുമാരക, --
നൊന്നുമേ കണ്ടീലവൾ പിന്നെയെന്നതേയുള്ളൂ.
ഉത്തമമാകും ഏഴാം അദ്ധ്യായം ചൊന്നേൻ, ഇനി
ചിത്തമോദേന കേട്ടുകൊള്ളുവിനെല്ലാവരും! 100
Comments
Post a Comment