Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 8, 9, & 10
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം -- അദ്ധ്യായം 8, 9, & 10
അക്കാലം യദുവീരന്മാരുടെ പുരോഹിതൻ
മുഖ്യനാം ഗർഗ്ഗൻ വസുദേവന്റെ വചനത്താൽ
നന്ദ-ഗോകുലത്തിങ്കൽ ചെന്നിതു, മോദത്തോടും
നന്ദിച്ചു സൽക്കരിച്ചു നന്ദനും ഉരചെയ് തു:--
"ധന്യനായ്ച്ചമഞ്ഞു ഞാനിന്നു നിന്തിരുവടി--
തന്നെക്കണ്ടതുമൂലം, സൌഖ്യവും വന്നൂ തുലോം.
നമ്മുടെ ഗൃഹമതും കുലവും വിശുദ്ധമായ്;
ജന്മവും സഫലമായ് വന്നിതു ഭാഗ്യവശാൽ.
മോഹവാരിധിതന്നിൽ മഗ്നരാം കുടുംബികൾ--
ക്കൈഹികപാരത്രികസൌഖ്യങ്ങൾ വരുത്തുവാൻ 10
നിസ് പൃഹന്മാരായ് വിഷ്ണുഭക്തരായ് സമന്മാരായ്
ഉൾപ്പൂവിൽ കാരുണ്യവും ഏറുന്ന മുനീന്ദ്രന്മാർ
തഞ്ചാതേ ലോകങ്ങളിൽ സഞ്ചരിച്ചീടുമെന്ന--
തഞ്ചാറു വയസ്സെനിയ് ക്കായന്നേ കേൾപ്പുണ്ടു ഞാൻ.
എന്നുടെ ഗൃഹംതന്നിലിന്നെഴുന്നെള്ളിയതും
എന്നെയുമനുഗ്രഹിച്ചീടുവാൻ തന്നെ നൂനം.
ജ്യോതിശ്ശാസ്ത്രവും തപശ്ശക്തിയും ഭവാനോളം
ഏതൊരുവനുമില്ലെന്നെല്ലാർക്കും ബോധമല്ലോ.
അങ്ങിനെയുള്ള ഭവാനെന്നുടെ പുത്രന്മാർക്കു
മങ് ഗളമായ നാമകർമ്മങ്ങൾ ചെയ്തീടേണം." 20
എന്നതു കേട്ടു മുനി മോദമോടരുൾ ചെയ്താൻ :--
"ഇന്നു ഞാനതു ചെയ്താൽ ഉണ്ടൊരു വിഷമം കേൾ !
ലോകപൂജിതൻ വസുദേവനും ഭവാനുമി--
ന്നേകമാനസന്മാരെന്നെല്ലാരും അറിയുന്നു.
യാദവപുരോഹിതനായ ഞാനിഹ വന്നു
സാദരം നാമകർമ്മം ചെയ്കിലോ കംസൻ താനും
എന്തിതിന്നവകാശമെന്നതു നിനച്ചീടും
സന്തതം മൃത്യുഭയം ഉണ്ടവനകതാരിൽ.
ദേവകീസുതന്മാരിലഷ്ടമൻ കൊല്ലുമെന്നു
കേവലം അശരീരിവാക്കു കേട്ടതുശേഷം 30
എട്ടാമതൊരു കന്യയായതും അവൾപിന്നെ--
പ്പെട്ടെന്നു ഗമിച്ചതും ചേർന്നതില്ലവനേതും.
നിന്നുടെ കാലൻ വന്നു ഭൂമിയിലുളവായാൻ
എന്നതു ദേവിയരുൾചെയ്തതും കേട്ടാനവൻ.
എന്നിവകൊണ്ടു വസുദേവനന്ദനൻതന്നെ
മന്നിടംതന്നിലിന്നു കംസനും തിരയുന്നു.
എന്നതുമല്ല, പിന്നെപ്പൂതനാപിശാചിയെ--
ക്കൊന്നിതു തവ സുതനെന്നതുമവൻ കേട്ടൂ.
എന്നതുകൊണ്ടുതന്നെസ്സംശയമുണ്ടവനു--
മെന്നു ഞാനൊരു വഴിയ് ക്കറിഞ്ഞു രഹസ്യമായ്. 40
എന്നിവകൊണ്ടു നാമകർമ്മം ഞാൻ ചെയ് തീടുകിൽ
ഇന്നു നിൻ പുത്രന്മാർക്കു ദോഷമായ് വരുമല്ലോ."
എന്നതു കേട്ടനേരം നന്ദനും ഉരചെയ്താൻ:--
"ഇന്നാരും അറിയാതെ ചെയ് യേണം ഭവാൻതന്നെ."
തന്നുടെ ഹൃദയത്തിൽ ഉള്ളതുപോലെ നന്ദൻ
ചൊന്നപ്പോൾ മുനീന്ദ്രനും അങ്ങിനെയെന്നു ചൊന്നാൻ.
വേദോക്തകർമ്മങ്ങളും ആദരവോടുചെയ് തു
വൈദികവരന്മാർക്കു ഗോദാനങ്ങളും ചെയ് തു .
മുഖ്യമാം മുഹൂർത്തവും വന്നൊരുനേരം മുനി--
മുഖ്യനാം ഗർഗ്ഗൻതാനും നാമവും ചൊല്ലീടിനാൻ. 50
"ദേഹികളുടെ ചിത്തം രമിപ്പിച്ചതുമൂലം
രോഹിണീതനയനു രാമനെന്നല്ലോ നാമം.
ഇന്നിവനോളം ബലം ആർക്കുമേ ഉണ്ടാകയി--
ല്ലെന്നതുകൊണ്ടു ബലഭദ്രനെന്നൊരു നാമം.
കണ്ടവരുടെ ചിത്തം ആകർഷിച്ചതുമൂലം
ഉണ്ടാകും സങ്കർഷണൻ എന്നൊരു നാമം പിന്നെ.
കൃഷ്ണവർണ്ണത്തെപ്പൂണ്ട നന്ദനൻ അവനുടൻ
കൃഷ്ണനെന്നൊരു നാമം ഇക്കാലം പറയേണ്ടൂ.
മുന്നമങ്ങൊരു കാലം ബാലനാമിവൻതന്നെ
വന്നുടൻ വസുദേവപുത്രനായ്പ്പിറക്കയാൽ 60
ചൊല്ലിടാം വാസുദേവൻ എന്നൊരു നാമം കൂടി
ചൊല്ലിടാനരുതിവൻതന്നുടെ നാമമെല്ലാം.
നാമങ്ങൾ കർമ്മങ്ങളും ജന്മങ്ങളിവയെല്ലാം
സീമയില്ലിതുമിവനെന്നതേ പറയാവൂ!
ദുഃഖങ്ങളോരോതരം നിങ്ങൾക്കു വന്നീടുന്ന--
തൊക്കവേ തീർക്കും ഇവൻ എന്നതു ധരിച്ചാലും.
വിശ്വസിച്ചാലും നിങ്ങൾ ഇവനെ വഴിപോലെ;
ശാശ്വതം അതുകൊണ്ടു സർവവും സിദ്ധിച്ചീടും.
വിസ്തരിച്ചേറെപ്പറയുന്നതെന്തിനു ഞാനും
ഉത്തമപുരുഷനു തുല്യനായ് വരുമിവൻ." 70
എന്നെല്ലാം ഉരചെയ്തു ഗർഗ്ഗനും എഴുന്നള്ളി;
നന്ദഗോപനും ഏറ്റം സന്തോഷത്തോടു വാണാൻ.
മുട്ടുകൾ കുത്തിക്കൊണ്ടു ബാലന്മാർ അതുകാലം
ഒട്ടൊട്ടു നടന്നിട്ടും വീണിട്ടും ഇടയ് ക്കിടെ
സഞ്ചരിപ്പതുകണ്ടു കൌതുകത്തോടുകൂടി--
ച്ചഞ്ചലാക്ഷിമാർ എടുത്തീടുവാൻ ചെല്ലുന്നേരം
നന്മധു പൊഴിയുന്ന പുഞ്ചിരിയോടും ചെന്ന--
ങ്ങമ്മമാരുടെ മടി തന്നിലങ്ങിരുന്നീടും.
ചേറുകളണിഞ്ഞതു തുടച്ചു ജനനിമാർ
കൂറോടു മുല കൊടുത്താനന്ദിച്ചിരുന്നീടും. 80
പിന്നെയങ്ങവർ പശുപാലന്മാരുടെ പിന്പേ
ചെന്നീടും വേഗത്തോടു മുട്ടുകാൽ കുത്തിത്തന്നെ
ചെന്നുടൻ പശുബാലൻതന്നുടെ വാലുതന്മേൽ
ഒന്നിച്ചു പിടിപെട്ടു മന്ദമായ് വലിച്ചീടും.
അന്നേരം പശുബാലന്മാർ ഓടീടുന്നതു കണ്ടു
പിന്നാലെച്ചെല്ലുന്നേരം വീണീടും ഇടയ് ക്കിടെ.
നന്ദനും അതുകണ്ടു ചെന്നെടുത്താശ്ലേഷിച്ചു
തന്നുടെ പുത്രന്മാർക്കു വല്ലതും കൊടുത്തീടും.
മന്ദഹാസവും ചെയ്തു ചൊല്ലീടും ഓരോന്നവർ
ഒന്നുമേ തിരിച്ചറിഞ്ഞീടുവാൻ അരുതാർക്കും. 90
അച്ഛനെന്നതും അമ്മയെന്നതും തിരിഞ്ഞീടും
ഒച്ചകൾ കേൾക്കുന്നതും ഉത്സവം എല്ലാവർക്കും.
അവ്യക്തവർണ്ണങ്ങളാം വാക്കുകൾ കേൾക്കുന്നേരം
സുവ്യക്താക്ഷരവാക്യം നിഷ്ഫലം എന്നു തോന്നും.
അങ്ങിനെ ചെറുതുനാൾ ചെന്നോരു ശേഷമവർ
മങ് ഗളപാദാംബുജസഞ്ചാരം ചെയ് തുവന്നാർ.
നാലഞ്ചു പദം വെയ് ക്കുന്നേരത്തു പതിയ് ക്കയും
ബാലന്മാർ ചിലരപ്പോൾ ചെന്നങ്ങു പിടിയ് ക്കയും
പിന്നെയുമവർ പിടിച്ചൊട്ടൊട്ടു നടന്നീടും
നന്ദനും ജനനിയും കണ്ടുകണ്ടാനന്ദിയ് ക്കും. 100
നാലഞ്ചുദിനമേവം കഴിഞ്ഞോരനന്തരം
കാലികളുടെ പിന്പേ പാഞ്ഞുപാഞ്ഞെത്തീടിനാർ.
ഗോപബാലന്മാരോടു ക്രീഡകൾ ചെയ് തുകൊണ്ടു
ഗോപസ്ത്രീജനത്തിനു മോദവും വളർത്തിനാർ;
അങ് ഗനാജനമെല്ലാം ചൊല്ലീടുന്നതു കേട്ടു
തങ്ങളിൽ ജ്യേഷ് ഠാനുജന്മാരെന്നു ചൊല്ലുമവർ.
ധന്യനാം വസുദേവനന്ദനൻ കൃഷ്ണനെന്നു
നന്ദാദിഗോപാലന്മാരാരുമേയറിഞ്ഞീല.
അന്നൊരു ദിനം സന്ധ്യാകാലത്തു കുമാരന്മാർ
നന്ദഗോപന്റെ സമീപത്തു ചെന്നിരിയ് ക്കുന്പോൾ 110
കണ്ടിതങ്ങൊരു വൃക്ഷശാഖാഗ്രസമീപത്തു
കണ്ടാൽ കൌതുകമാകും പൂർണ്ണചന്ദ്രന്റെ ബിംബം.
അന്നേരം കൃഷ്ണൻതാനും മോദമോടുരചെയ് താൻ
"ഇന്നിതു കണ്ടീലയോ താതനും ജനനിയും?
എത്രയും നല്ല ഫലം ഉണ്ടൊരു വൃക്ഷത്തിന്മേൽ
എത്രയും പഴുത്തിതാ നിൽക്കുന്നു ശോഭയോടും.
വല്ല ജാതിയും അതു കൊണ്ടന്നു തന്നീടണം
അല്ലായ് കിൽ ഭുജിയ് ക്കയും ഇല്ല ഞാനറിഞ്ഞാലും."
എന്നതുകേട്ടു നന്ദൻ ചിരിച്ചു ചൊല്ലീടിനാൻ
"ഇന്നതു ചന്ദ്രബിംബമാകുന്നു കുമാരക! 120
നല്ലൊരു ഫലം നാളെക്കൊണ്ടന്നു തന്നീടുവൻ
ഇല്ല സംശയമേതും, വൈകാതെ ഭുജിച്ചാലും."
"ചന്ദ്രനെന്നാലും അതു കൊണ്ടന്നു തന്നീടേണം
ഉന്നതവൃക്ഷത്തിന്മേൽ ഏറിയാൽ തൊടാമല്ലോ.”
എന്നതു കേട്ടു നന്ദൻ ചൊല്ലിനാൻ മധുരമായ് :--
"ചന്ദ്രനെപ്പിടിപ്പതിന്നാവതല്ലൊരുവർക്കും.
എങ്കിലും പിടിച്ചു ഞാൻ കൊണ്ടന്നു തന്നീടുവൻ
ശങ്കയില്ലേതും നാലു നാഴികയ് ക്കകം തന്നെ."
"ഇപ്പോഴേ തന്നീടേണം" എന്നുരചെയ് തു കൃഷ്ണ--
നപ്പോഴേ ഭുവിവീണു കരഞ്ഞു തുടങ്ങിനാൻ . 130
നന്ദനും ചെന്നെടുത്തു ചൊല്ലിനാൻ പലതരം
ഒന്നുചെയ് താലും ബോധിച്ചീടാഞ്ഞോരന്തരം
"ചെന്നു നീ തന്നെ ഭുജിച്ചീടു" കെന്നുരചെയ് താ--
നന്നേരം എഴുന്നേറ്റു കൃഷ്ണനും മണ്ടീടിനാൻ.
പിന്നാലേ ചെന്നു നന്ദൻ പിടിപ്പാൻ തുടർന്നപ്പോൾ
ഉന്നതമായ വൃക്ഷശാഖമേലേറീ കൃഷ്ണൻ
ചന്ദ്രബിംബവും എടുത്തിട്ടിറങ്ങിവന്നീടിനാൻ
അന്നേരം എല്ലാവരും ഒന്നു സംഭ്രമം പൂണ്ടാർ.
അന്നേരം കൃഷ്ണൻ താനും ഇന്നിതു തിന്നീടുവാൻ
നന്നല്ലെന്നുരചെയ് തങ്ങയച്ചു ശശാങ്കനെ. 140
പുഷ്കരമാർഗ്ഗേ ചെന്നു വിളങ്ങീ ശശാങ്കനും ;
പുഷ്കരേക്ഷണൻതന്നെപ്പുല്കിനാർ എല്ലാവരും.
ഗോപസ്ത്രീജനങ്ങൾക്കു നല്ലതുവരുത്തുവാൻ
ഗോപബാലന്മാരോടും കൃഷ്ണനുമതുകാലം
വല്ലവീജനത്തിന്റെ മന്ദിരമതിൽപ്പുക്കു
മെല്ലവേ വെണ്ണ കവർന്നുണ്ടിട്ടു ഗമിച്ചീടും.
പിന്നെയും അഹങ്കാരം ഓരോന്നു സഹിയാഞ്ഞു
വന്നുടൻ ഗോപിമാരും മാതാവോടുരചെയ് താർ:—
“വല്ലവീകുലനാഥേ ! ചൊല്ലേറും യശോദേ കേൾ :-
നല്ലതിനല്ല തവ നന്ദനൻ തുടങ്ങുന്നു.” 150
വല്ലവീജനങ്ങളാം ഞങ്ങൾക്കു പൊറുതിയും
ഇല്ലാതേ ചമഞ്ഞിതു നിന്നുടെ തനയനാൽ.
അന്നേരമൊരു ഗോപി ചൊല്ലിനാൾ:-- "കൃഷ്ണൻ താനും
ഇന്നലേ മമ ഗേഹേ വന്നിതു രാത്രി തന്നിൽ;
ഉണ്ണികളായവരും ഒന്നിച്ചു നെയ് യും പാലും
വെണ്ണയും ഉണ്ടു തൃപ്തി വന്നോരു ശേഷമെല്ലാം
ഒന്നിച്ചു കൊണ്ടുവന്നു മാർജ്ജാരന്മാർക്കു നൽകി--
പ്പിന്നെയും ശേഷിച്ചവ കുപ്പയിലാക്കീടിനാൻ.
മണ് പാത്രമെല്ലാം തച്ചുതകർത്തു ശിക്യങ്ങളും
അന്പോടു മുറിച്ചിട്ടു വേഗേന നടകൊണ്ടാൻ. 160
ക്ഷീരവും നെയ് യുമെല്ലാം വേണ്ടതു കൊടുത്താലും
ചോരണം ചെയ് തീടുവാൻ എന്തൊരു മൂലം ചൊൽ നീ !
ചോരണം ചെയ് താകിലും ഭാജനം തകർത്തിട്ടു
കാരിയമെന്തുള്ളതു കൃഷ്ണനു നിരൂപിച്ചാൽ ?
ഇത്തരം കാട്ടുന്നതു ശിക്ഷിച്ചു മാറ്റീടായ് കിൽ
ഉത്തമേ, ഞങ്ങളെല്ലാം പോകയെന്നതും വരും."
മറ്റൊരു ഗോപി ചൊന്നാൾ:-- "കുറ്റമല്ലിവൾ ചൊന്ന--
തറ്റു വീണതുപോലെ കൃഷ്ണനും കൂട്ടങ്ങളും
എന്നുടെ ഗൃഹംതന്നിൽ വന്നു ചെയ് തവയെല്ലാം
നന്നല്ല പറവാനാ, യെങ്കിലും പറയുന്നു. 170
വൃദ്ധനാകിയ താതൻതനിയ് ക്കു സേവിയ് ക്കാനായ്
ദുഗ്ദ്ധമങ്ങിരുനാഴി കാച്ചി ഞാൻ വെച്ചിരുന്നേൻ.
തത്ര ചെന്നവയെല്ലാം കുടിച്ചു പാത്രം തന്നിൽ
തക്രവും നിറച്ചു വെച്ചാരുമേയറിയാതെ
പോയോരുശേഷം താതനന്ധനായതുമൂലം
മായങ്ങളറിയാതെ നിത്യമുള്ളതുപോലേ
ദുഗ്ദ്ധവും കുടിച്ചപ്പോൾ തക്രമെന്നറികയാൽ
ക്രുദ്ധനായെന്നെ വന്നു ശണ്ഠകളിട്ടീടിനാൻ."
അന്നേരം മറ്റൊരുത്തി ചൊല്ലിനാ, "ളഹോ കഷ്ടം !
എന്നുടെ ഗൃഹംതന്നിൽ വന്നുടൻ തവ പുത്രൻ 180
ഗോക്കളെപ്പിരിഞ്ഞങ്ങു കെട്ടിയ വത്സന്മാരെ
ഒക്കവേ ഒന്നിച്ചാക്കിത്തൽക്ഷണം കുടിപ്പിച്ചു
വ്യാഘ്രശബ്ദത്തെപ്പോലെ ശബ്ദിച്ചാൻ; അതുകേട്ടു
ശീഘ്രമായ് ഞങ്ങളെല്ലാം നോക്കുവാൻ പോയനേരം
സത്വരം അകത്തു പുക്കാജ്യവും പാലുമെല്ലാം
എത്തുന്ന ദിക്കിലുള്ളതൊക്കെയും ഭുജിച്ചുടൻ
എത്താതുള്ളൊരു ദിക്കിൽ ഉള്ളതിൻ കീഴേ ചെന്നു
സത്വരം ഉരലുകൾ വെച്ചതിൻ മുകളേറി
പിന്നെയും എത്തായ് കയാൽ നല്ലൊരു കടകോലു--
തന്നുടെ വാലുകൊണ്ടു പാത്രങ്ങൾ തുളച്ചുടൻ 190
വന്നീടുന്നൊരു പാലു മിയ് ക്കതും ഭുജിച്ചു താൻ
പിന്നെയുള്ളതു ചില ബാലകന്മാർക്കു നൽകി
പാത്രവും തച്ചുതകർത്താർത്തങ്ങു പോയീടിനാൻ
ആർത്തികളിതിൽപ്പരം എന്തു വേണ്ടതു നാഥേ ?
അന്നേരം ഒരു നാരി ചൊല്ലിനാൾ:-- "മമ ഗേഹേ
വന്നവൻ ചെയ്തതിന്നു നാണമാകുന്നു ചൊൽവാൻ.
താതനും മറ്റുള്ളോരും അത്താഴം തുടർന്നപ്പോൾ
ഭൂതലേ ചെന്നു കിടന്നുറങ്ങിപ്പോയേൻ ഞാനും.
വസ്ത്രവും അഴിഞ്ഞുപോയ് നിദ്രയിലറിയാതെ
സത്വരം തത്ര വന്നു കൃഷ്ണനും കൂട്ടങ്ങളും. 200
എന്നുടെ മാരഗേഹേ വെണ്ണയും വെച്ചു കൃഷ്ണൻ
തന്നുടെ മാർജ്ജാരനെക്കൊണ്ടതു ഭുജിപ്പിച്ചാൻ.
ഞെട്ടിയങ്ങുണർന്നിതു ഞാനു, മന്നേരം കയ് യും
കൊട്ടിയങ്ങെല്ലാവരും ചിരിച്ചു പോയീടിനാർ.
അന്നെനിയ് ക്കുണ്ടായോരു കോപവും നാണക്കേടും
ഒന്നൊഴിയാതേ ചൊല്ലാനാവതില്ലെനിയ് ക്കേതും."
പിന്നെയും ഓരോതരം ചൊല്ലിനാരെല്ലാവരും:--
"ധന്യേ, നിൻതനയനു ദുഷ്ടത ചെറുതല്ല.
ശിക്ഷിച്ചു വളർത്തേണ്ടും കാലത്തു ബാലന്മാരെ--
ശ്ശിക്ഷിച്ചു വളർത്താഞ്ഞാൽ അങ്ങിനെ വരുമല്ലോ. 210
ഇന്നു നിൻ വാത്സല്യത്താൽ ഒന്നുമങ്ങിളക്കാഞ്ഞാൽ
വന്നീടും ദുഷ്കീർത്തികൾ നന്ദനും ഭവതിയ് ക്കും.
ദുശ്ശീലം ഇന്നുതന്നെ മാറ്റിവെച്ചീടായ്കിലോ
വിശ്വൈകചോരൻ കൃഷ്ണനെന്നതു വിളികൊള്ളും.
വല്ലാത്ത തനയന്മാർ ഉണ്ടാകുന്നതിനേക്കാൾ
നല്ലതു തനയന്മാർ ഇല്ലായ്കിൽ അതുതന്നെ.
നന്ദനെ നിനച്ചാലും നിന്നെയോർത്താലും തവ
നന്ദനൻ ദുഷ്ടനായി വന്നതു ചേരുന്നില്ലാ.
ഗോപികാകുലനാഥേ, കൃഷ്ണനും ഞങ്ങൾക്കിന്നു
ഗോപിമാരെന്നുള്ളോരു നാമവും സത്യമാക്കും. 220
ഇന്നിവൻ ഗോപശ്രേഷ്ഠനായ് വരും കാലം ഗോപ--
കന്യകമാരാം ഞങ്ങളെല്ലാവരും ഇരന്നീടും.
നന്ദനോടിവ ചൊല്ലാൻ ആവതല്ലല്ലോ ഞങ്ങൾ--
ക്കെന്നതുകൊണ്ടു നിന്നോടൊക്കെയും ഉരചെയ് തേൻ .
ഇന്നു നീ രക്ഷിച്ചാകിൽ ഞങ്ങളിങ്ങിരുന്നീടാം
അന്യദേശത്തെ നോക്കിപ്പോകുന്നേനല്ലായ്കിലോ."
ഇത്തരം അവരുടെ വാക്കുകൾ കേട്ടനേരം
ചിത്തകാരുണ്യം കൊണ്ടും പുത്രനെ സ്നേഹം കൊണ്ടും
എന്തു ഞാൻ ചെയ് യേണ്ടതാത്മനാ യശോദയും
ചിന്തിച്ചു ഗോപിമാരോടീവണ്ണം ചൊല്ലീടിനാൾ:-- 230
"അങ് ഗനമാരേ ! നിങ്ങളേതുമേ ഖേദിയ് ക്കേണ്ടാ
മങ് ഗളം വന്നുകൂടും ഇല്ല സംശയമേതും.
നിങ്ങളിന്നുരചെയ് തതൊക്കെയും സത്യമത്രേ
ഭങ് ഗി ചൊൽകയുമല്ല, സങ് കടമുണ്ടാകേണ്ട.
എങ്കിലും കൃഷ്ണൻതന്നോടപ്രിയം ചൊല്ലീടുവാൻ
പങ് കജനേത്രമാരേ ! തോന്നുന്നില്ലെനിയ് ക്കേതും.
മണ് പാത്രം പോയതിന്നു നിങ്ങൾക്കിന്നെല്ലാവർക്കും
പൊൻപാത്രം തന്നീടുവൻ, സങ് കടമുണ്ടാകേണ്ട."
എന്നുരചെയ് തുകൊണ്ടു പൊന്നുകൊണ്ടുള്ള പാത്രം
ഒന്നുരണ്ടല്ലവർക്കു വേണ്ടതു നൽകീടിനാൾ. 240
പൊന്നുകൾ, പണങ്ങളും കൊടുത്തു ചൊന്നാ, "ളിനി
ഒന്നുമേ ഉണ്ടാകയില്ലങ്ങുപോയ് വസിച്ചാലും."
എന്നതു കേട്ടു ഗോപസ്ത്രീകളും മോദത്തോടും
"നന്നായ് വന്നീടും നിന"ക്കെന്നുരചെയ് തു പോന്നാർ.
പിന്നെയങ്ങൊരു ദിനം കൃഷ്ണനും രാമൻതാനും
നന്ദിച്ചു ബാലന്മാരോടൊന്നിച്ചു കളിയ് ക്കുന്പോൾ
മണ്ണു തിന്നിതു കൃഷ്ണൻ എന്നതു യശോദയോ--
ടുണ്ണികൾ ഉരചെയ് തു, രാമനും ചോല്ലീടിനാൻ.
എന്നതു കേട്ടനേരം കോപിച്ചു യശോദയും
നന്ദനൻതന്റെ കയ് യും പിടിച്ചു ചോല്ലീടിനാൾ:-- 250
വെണ്ണയും പാലും കവർന്നുണ്ടതു പോരാഞ്ഞിട്ടോ ?
മണ്ണു തിന്നീടുന്നതു വിശപ്പു മാറാഞ്ഞിട്ടോ ?
എന്നതു കേട്ടനേരം കൃഷ്ണനും ഉരചെയ് താൻ:--
"ഇന്നിവരെല്ലാവരും ചൊന്നതു പൊളിയത്രേ !"
"എന്നുമേ പൊളി പറഞ്ഞീടുകയില്ല രാമൻ
നിന്നുടെ പൊളി" യെന്നു മാതാവു പറഞ്ഞപ്പോൾ
"എങ്കിലോ വാ പിളർന്നു കാട്ടുവൻ" എന്നു കൃഷ്ണൻ
ശങ്ക കൂടാതെ വായും പിളർന്നു കാട്ടീടിനാൻ.
അന്നേരം യശോദയും ബ്രഹ്മാണ്ഡമെല്ലാം നിജ--
നന്ദനനുടെ വാറിൽ കണ്ടിതു മുന്നേപ്പോലെ:-- 260
"എന്തൊരത്ഭുതമിതു ദൈവമേ ! മമ സുതൻ
ചിന്തിച്ചാൽ നാരായണൻതാനെന്നു തോന്നീടുന്നു.
ലോകനായക, ഭക്തവത്സല, നാരായണ !
ശോകങ്ങളൊഴിച്ചെന്നെക്കാത്തു കൊള്ളുക വേണം !"
ഇത്തരം യശോദയും പ്രാർത്ഥിച്ചു നിൽക്കുന്നേരം
ഉത്തമപുരുഷൻതൻ മായയാലവൾക്കുള്ളിൽ
എന്നുടെ പുത്രൻ ബാലൻ കൃഷ്ണനെന്നതു തോന്നി--
ച്ചെന്നെടുത്താശ്ലേഷിച്ചു സുഖിച്ചു മരുവിനാൾ.
അന്നേരം പരീക്ഷിത്തു ചോദിച്ചു മുനിയോടു:--
"നന്ദനും യശോദയും എന്തൊരു സുകൃതത്താൽ 270
ശാർങ് ഗ പാണിയെപ്പുത്രഭാവേന ശുശ്രൂഷിപ്പാൻ
സങ് ഗതി വന്ന, തതും ചൊല്ലേണം ദയാനിധേ !"
എന്നതു കേട്ടു ശുകനരുളിച്ചെയ് തീടിനാൻ:--
"മന്നവ, വസുക്കളിൽ ഉത്തമനാകും ദ്രോണൻ
സാരസോത്ഭവവാചാ ഭൂതലേ പിറപ്പാനായ്--
പ്പോരുന്പോൾ വിരിഞ്ചനോടിത്തരം ഉണർ ത്തിച്ചു:--
"മന്നിൽ ഞാൻ പിറക്കിലോ കേശവശുശ്രൂഷയ് ക്കു
നിന്നുടെ കരുണയാ സങ് ഗതി വരേണമേ !"
അങ്ങിനെ തന്നെയെന്നു ധാതാവും അരുൾ ചെയ് താൻ;
ഇങ്ങു വന്നവൻ നന്ദഗോപനായുത്ഭവിച്ചാൻ. 280
ധന്യനാം ദ്രോണൻതന്റെ പത്നിയാം ധരയല്ലോ
വന്നിഹ യശോദയായ് പ്പിറന്നതറിഞ്ഞാലും.
സാരസോത്ഭവവാക്യം സത്യമാക്കുവാനല്ലോ
സാരസേക്ഷണൻ നന്ദഗോകുലേ വസിപ്പതും.
പുത്രഭാവേന ദേവൻ തന്നെയും ശുശ്രൂഷിച്ചു
ചിത്തമോദേന വാണു നന്ദനും യശോദയും.
അഷ്ടമാദ്ധ്യായം ഞാൻ ചൊല്ലിനേൻ ഇനി നിങ്ങൾ—
ക്കിഷ്ടം ഉണ്ടെന്നാകിലോ കേട്ടാലും വഴിപോലെ. 288
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം അദ്ധ്യായം 9
Lines 1 — 58
അക്കാലം ഒരു ദിനം തന്നുടെ ദാസീജനം
ഒക്കെയും പ്രവൃത്തികൾ ഓരോന്നു ചെയ് കയാലേ
നന്ദഗേഹിനിയാകും സുന്ദരി യശോദതാൻ
മന്ദമെന്നിയേ ദധിമഥനം ചെയ് തീടിനാൾ.
തൻകരങ്ങളിലുള്ള കങ്കണ-ശബ്ദത്തോടും
കുങ്കുമാങ്കിത-കുച-കുംഭ-കന്പങ്ങളോടും
അംബുജ-മുഖോത്ഭവ-സ്വേദ-ലേശങ്ങളോടും
അംബുജേക്ഷണ-ലീലാ-മോഹന-ഗാനത്തോടും
അംബുജാക്ഷിയും ദധിമഥനം ചെയ് യുന്നേരം
അംബുജേക്ഷണൻ ചെന്നു ഹസ്തവും പിടിച്ചപ്പോൾ 10
തന്മടിതന്നിൽ വെച്ചു മുലയും കൊടുത്തവൾ
തന്മെയ് യിൽ അണച്ചു കൊണ്ടാനന്ദിച്ചിരിയ് ക്കുന്പോൾ
കാച്ചുവാൻ അടുപ്പത്തു വെച്ചോരു പാലു തിക--
ന്നുച്ചത്തു വരുന്നതു കണ്ടപ്പോൾച്ചെന്നീടിനാൾ.
തൃപ്തി വരാഞ്ഞു കൃഷ്ണനുച്ചത്തിൽ കരഞ്ഞുകൊ--
ണ്ടപ്പോഴേ ദധിപ്പാത്രം ഉടച്ചു കോപത്തോടും.
വെണ്ണയും എടുത്തുപോയ് മാർജ്ജാരന്മാർക്കു കൊടു--
ത്തുണ്ണികളോടും താനും ഭുജിച്ചു നിൽക്കുന്നേരം
വന്നഥ യശോദയും നോക്കുന്പോൾ ദധിപ്പാത്രം
ഒന്നുരണ്ടല്ല നൂറു ഖണ്ഡമായ് ക്കിടക്കുന്നു. 20
കഷ്ടമെന്നുരചെയ് തു കോപവും നടിച്ചുടൻ
യഷ്ടിയും എടുത്താശു തല്ലുവാൻ ചെല്ലുന്നേരം
ഭീതിയോടവിടെ നിന്നോടിനാൻ കൃഷ്ണൻതാനും
പ്രീതിയോടവൾതാനും പിന്നാലെച്ചെന്നീടിനാൾ.
പുഞ്ചിരിയോടു ചെറ്റു മണ്ടിയോരനന്തരം
ചഞ്ചലാക്ഷിയും എത്തിപ്പിടിച്ചു കരത്തിന്മേൽ.
യോഗികളുടെ ചിത്തം പോലുമങ്ങെത്താത്തൊരു
യോഗേശനെശോദതൻ കയ് യിലങ്ങകപ്പെട്ടു !
അന്തകാന്തക-വിധി-മുഖ്യരാം ദേവന്മാരും
സന്തതം ഉര-സ്ഥലേ വാഴുന്ന ലക്ഷ്മി താനും 30
നന്ദ-പത്നിയെപ്പോലെ മാധവ-പ്രസാദങ്ങൾ
എങ്ങുമേ ലഭിച്ചതില്ലാരുമെന്നറിഞ്ഞാലും.
ഭീതിയും നടിച്ചങ്ങു രോദനം ചെയ് തൂ കൃഷ്ണൻ;
ഭീതനായ് വന്നാനെന്നു നിനച്ചു യശോദയും.
പാശങ്ങൾ കൊണ്ടുതന്നെസ്സത്വരം ഉരലിൻമേൽ
കേശവൻ തന്നെബ്ബന്ധിച്ചീടുവാൻ ആരംഭിച്ചാൾ.
പാശവും ഇരുവിരൽ പോരാതെ ചമഞ്ഞിതു;
പാശങ്ങൾ കൊണ്ടുവന്നു പിന്നെയും കെട്ടീടിനാൾ.
പിന്നെയും ഇരുവിരൽ പോരാഞ്ഞു യശോദയും
തന്നുടെ ഗൃഹത്തിങ്കൽ ഉള്ളോരു പാശങ്ങളും 40
മറ്റുള്ള ഗൃഹങ്ങളിലുള്ളതും കൊണ്ടുവന്നു
തെറ്റെന്നു ബന്ധിച്ചിട്ടും കിഞ്ചന പോരായ്കയാൽ
മന്ദഹാസവും ചെയ് തു വിസ്മയം പൂണ്ടുനിന്നാൾ
നന്ദഗോകുലസ്ത്രീകൾ ചിരിച്ചു കണ്ടു നിന്നാർ.
ദീനം പൂണ്ടിതു മാതാവെന്നറിഞ്ഞപ്പോൾ കൃഷ്ണൻ
മാനസേ കാരുണ്യത്താൽ ബദ്ധനായ് നിന്നീടിനാൻ.
ഭക്തന്മാർക്കധീനം താനെന്നതു ജനങ്ങളെ
ഒക്കവേ ബോധിപ്പിപ്പാൻ ബന്ധനമേറ്റനേരം
അത്ഭുതമുണ്ടായതു നന്ദനോടുരചെയ് വാൻ
അത്ഭുതാങ് ഗിയും പോയനേരത്തു കൃഷ്ണൻ താനും 50
കെട്ടിയോരുരലതുമിഴച്ചു മന്ദം നട--
ന്നൊട്ടുമേയനങ്ങാതെ കാട്ടിലങ്ങകം പുക്കു
കണ്ടിതു തത്ര രണ്ടു വൃക്ഷങ്ങൾ നിൽക്കുന്നതു
കണ്ടാലെത്രയും മനോമോഹനം എന്നേ വേണ്ടൂ.
കേവലം കാട്ടിലുള്ള വൃക്ഷങ്ങളല്ല, പണ്ടു
ദേവർഷിശാപംകൊണ്ടു വൈശ്രവണാത്മജന്മാർ
അർജ്ജുനവൃക്ഷങ്ങളായ് നിൽക്കുന്നതറിഞ്ഞാലും
ഇത്തരം അദ്ധ്യായമിതൊന്പതും ചൊല്ലീടിനേൻ. 58
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം അദ്ധ്യായം 10
എന്നതുകേട്ടനേരം ചൊല്ലിനാൻ പരീക്ഷിത്തും:--
"ഒന്നൊഴിയാതെ ശാപകാരണം ചൊല്ലീടേണം."
എന്നുകേട്ടൊരു ശുകമാമുനിയരുൾ ചെയ്തു:--
മന്നവ, കേട്ടുകൊൾക ശാപകാരണം ഭവാൻ.
രണ്ടു പുത്രന്മാരുണ്ടായ് വന്നിതു ധനേശനു
കണ്ടാലെത്രയും നല്ല സുന്ദരരൂപന്മാരായ്.
ജ്യേഷ് ഠനു നാമം നളകൂബരനെന്നാകുന്നു
ശ്രേഷ് ഠനാം മണിഗ്രീവനെന്നു പേരനുജനും.
ശങ്കരസേവകന്മാരാകയാലവർക്കൊരു
ശങ്കയില്ലാതെ വന്നു സജ്ജനങ്ങളെപ്പോലും. 10
അന്നവരൊരുദിനം അപ്സരസ്ത്രീകളോടും
സ്വർന്നദീജലംതന്നിൽ ക്രീഡചെയ് തീടുന്നേരം
ബന്ധമെന്നിയേ തത്ര നാരദനെഴുന്നള്ളി--
ബ്ബന്ധുരഗാത്രിമാരും ലജ്ജയാ ഭയത്തോടും
വസ്ത്രമെടുത്തുടുത്തെത്രയും ഭക്തിയോടും
ഉത്തമനാകും മുനിശ്രേഷ് ഠനെ വണങ്ങിനാർ.
മദ്യപാനവും ചെയ് തു മത്തമാനസന്മാരായ്
ഉദ്യോഗത്തോടും ധനനാഥനന്ദനന്മാരും
പാട്ടുകൾ പാടിക്കൊണ്ടു നഗ്നരായ് ത്തന്നേ നിന്നാർ;
പെട്ടെന്നു ശപിച്ചിതു നാരദനതുനേരം:-- 20
"സജ്ജനനിന്ദചെയ് ത ദുർജ്ജനങ്ങളാം നിങ്ങൾ
അർജ്ജുനദ്രുമങ്ങളായ് പ്പോകെ" ന്നുമരുൾ ചെയ് തു.
താപവും പൂണ്ടന്നേരം വന്ദിച്ചു മുനിതന്നെ--
ശ്ശാപമോക്ഷത്തെത്തരികെന്നവരപേക്ഷിച്ചാർ.
സന്തോഷിച്ചരുൾചെയ് താൻ അന്നേരം മുനീന്ദ്രനും:--
"ചിന്തയുമുണ്ടാകേണ്ട നിങ്ങൾക്കു മനതാരിൽ.
വർദ്ധിച്ചുവന്ന മദം കളഞ്ഞു നിങ്ങൾക്കിന്നു
ശുദ്ധിയെവരുത്തുവാൻ ഇന്നു ഞാനിതു ചൊന്നേൻ.
നന്ദഗോകുലംതന്നിൽ വന്നീടും നാരായണൻ,
അന്നു നിങ്ങൾക്കു ശാപമോക്ഷവും ലഭിച്ചീടും." 30
എന്നരുൾചെയ് തു മുനിശ്രേഷ് ഠനും എഴുന്നെള്ളി;
വന്നവർ വൃക്ഷങ്ങളായ് പ്പിറന്നാരതുകാലം.
അങ്ങിനെ നിൽക്കുന്നോരു വൃക്ഷത്തിൻ നേരേ ചെന്നു
തിങ്ങിന മോദത്തോടും മായാമാനുഷൻ കൃഷ്ണൻ.
തന്നുടെ ഭക്തന്മാരിൽ ഉത്തമൻ ധനനാഥൻ
തന്നുടെ പുത്രന്മാർക്കു മോക്ഷത്തെകൊടുപ്പാനും
തന്നേക്കാൾ പ്രിയനായ നാരദമഹാമുനി--
തന്നുടെ വചനത്തെസ്സത്യമാക്കീടുവാനും
രണ്ടുവൃക്ഷത്തിന്റേയും മദ്ധ്യേ പോയതുനേരം
കൊണ്ടതില്ലുരൽ, ഒന്നു വലിച്ചാനതുനേരം. 40
വൃക്ഷങ്ങൾ മുറിഞ്ഞങ്ങു വീണിതു ധരണിയിൽ
തൽക്ഷണം ഘോരമായിക്കേട്ടിതങ്ങൊരു ശബ്ദം.
അന്നേരം വൃക്ഷമദ്ധ്യേനിന്നങ്ങു പുറപ്പെട്ടു
സുന്ദരരൂപത്തോടും ദിവ്യമാം തേജസ്സോടും
രണ്ടു പൂരുഷശ്രേഷ് ഠന്മാർ, അവർ വേഗത്തോടും
കൊണ്ടൽവർണ്ണനാകും കൃഷ്ണനെ വണങ്ങിനാർ.
എത്രയും സ്തുതിച്ചവർ ചൊല്ലിനാ, "രഹോ ഞങ്ങൾ
എത്രയും കൃതാർത്ഥരായ് വന്നു നിൻ കാരുണ്യത്താൽ.
നാരദമഹാമുനി തന്നൊരു ശാപം തന്നെ
പാരം ഇന്നനുഗ്രഹമായ് വന്നു ദയാനിധേ! 50
നിന്തിരുവടിയോടു സംസർഗ്ഗം ലഭിയ് ക്കയാൽ
എന്തിനി വരേണ്ടതു ഞങ്ങൾക്കു ദയാനിധേ ?
അന്ധകാരങ്ങളെല്ലാമകന്നു ഞങ്ങൾക്കിന്നു
ബന്ധനാശന ! ഭവൽപ്പാദഭക്തിയുമുണ്ടായ് .
ത്വൽ പ്പാദഭക്തിയ് ക്കിനി ചഞ്ചലം വരായ് വതി--
നിപ്പോഴേ അനുഗ്രഹം നല്കേണം കൃപയാലേ!"
ഇത്തരം വാക്കു കേട്ടു പാശബദ്ധനാം കൃഷ്ണൻ
ഉത്തരം മന്ദഹാസം പൂണ്ടരുൾചെയ് തീടിനാൻ:--
"നിങ്ങൾക്കു ശാപമോക്ഷം നൽകുവാൻ ഇവിടെ ഞാൻ
മങ് ഗലരൂപന്മാരേ, വന്നതെന്നറിഞ്ഞാലും! 60
നാരദശാപം നിങ്ങൾക്കുണ്ടായതറിഞ്ഞു ഞാൻ
ആരുള്ളൂ വിപ്രശാപം നീക്കുവാൻ ഭുവനത്തിൽ ?
ചിത്തശുദ്ധിയുമെങ്കൽ ഭക്തിയും ദിനംതോറും
ഉത്തമന്മാരാം നിങ്ങൾക്കുണ്ടാകും അറിഞ്ഞാലും !
എങ്കിലോ മുന്നെപ്പോലെ വാണുകൊള്ളുവിൻ നിങ്ങൾ ,
സങ് കടം ഉണ്ടാകയില്ലിനിയൊരു നാളും."
ഇത്തരം നാഥൻതന്റെ വാക്കുകൾ കേട്ടനേരം
ചിത്തസന്തോഷത്തോടും വന്ദിച്ചു പോയാരവർ.
ഇക്കഥ കേൾക്കുന്നവർക്കാപത്തു നശിച്ചീടും;
സൽക്കഥയായ പത്താം അദ്ധ്യായം ചൊല്ലീടിനാർ. 70
Comments
Post a Comment