Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 1
ശ്രീ മഹാഭാഗവതം ദശമം — കേരള ഭാഷഗാനം
ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു !!
പുറയന്നൂർ ബ്രഹ്മശ്രീ പരമേശ്വരൻ നന്പൂതിരിപ്പാട്
ഒന്നാം അദ്ധ്യായം
ശാരികാ-കുല-മണി-മൌലിയിൽ വിളങ്ങുന്ന
ചാരു-രത്നമേ, കിളിപ്പൈതലേ, വരിക നീ.
സാരമായുള്ള മധു പഞ്ചസാരയും പാലും
പാരമായ് പ്പഴുത്തോരു കദളിപ്പഴങ്ങളും
പാരാതേ ഭുജിച്ചു നിന്നാലസ്യം കളഞ്ഞു നീ
സാരമായുള്ള കഥ ചൊല്ലുക മടിയാതെ.
ആദി-നായകൻ ജഗന്നായകൻ പരമാത്മാ
വേദ-വേദാന്ത-വേദ്യനാകിയ നാരായണൻ
യാദവാന്വയത്തിങ്കൽ കൃഷ്ണനായവതരി--
ച്ചാദരവോടുമോരോ ലീലകൾ ചെയ്തതെല്ലാം 10
വ്യക്തമായ് ഞങ്ങളോടു ചൊല്ലേണമതുകേട്ടാൽ
മുക്തിയും ലഭിച്ചീടും എന്നല്ലോ ശാസ്ത്രങ്ങളും.
മങ്കമാരുടെ വാക്യം ഇങ്ങിനെ കേട്ടനേരം
പൈങ്കിളിപ്പൈതൽതാനും അവരോടുരചെയ്താൾ :--
“കൃഷ്ണലീലകൾ കേൾപ്പാൻ നിങ്ങൾക്കു മനതാരിൽ
തൃഷ്ണയുണ്ടായതോർത്താൽ ഭാഗ്യമെന്നതേയുള്ളൂ.
ഐഹികസുഖങ്ങളും മോക്ഷവും വന്നീടുവാൻ
ദേഹികൾക്കിതുപോലെ മറ്റൊന്നില്ലറിഞ്ഞാലും.
ഇന്നിതു വിസ്തരിച്ചു ചൊല്ലുവാൻ ഓർത്തുകണ്ടാൽ
പന്നഗാധീശൻ പോലും ആളല്ലെന്നതു നൂനം. 20
എങ്കിലും ചുരുക്കി ഞാൻ ചൊല്ലുവൻ കേട്ടപോലെ
പങ്കജ-മിഴിമാരേ, കേട്ടുകൊള്ളുവിൻ നിങ്ങൾ.
വാരണ-വദനനും വാണിയും വിരിഞ്ചനും
മാര-നാശനൻ താനും ഇന്ദ്രാദി-ദേവന്മാരും
നാരദനാദി-മുനിശ്രേഷ്ഠരും ദ്വിജന്മാരും
പാരാതെ അനുഗ്രഹം നൽകേണം നമുക്കിപ്പോൾ.
സാരസേക്ഷണ ജയ മാധവ ജയ ജയ
സാരസോദ്ഭവ-മുഖ-ദേവ-വന്ദിത ജയ
ഭക്തന്മാരുടെ ചിത്തേ വാഴും നിൻ പദാംബുജം
ഭക്തവത്സല പോറ്റീ സന്തതം വണങ്ങുന്നേൻ. 30
നിന്തിരുവടിയുടെ ലീലകൾ ചൊല്ലീടുവാൻ
അന്തർ-മോഹേന തുടങ്ങീടുന്നോരടിയനെ
വാക്കിനു വേണ്ടും ഗുണം ഒക്കെയും വരുത്തുവാൻ
പാൽക്കടൽ-വർണ്ണൻ കനിവോടനുഗ്രഹിയ് ക്കേണം.
എങ്കിലോ വഴിപോലെ കേട്ടുകൊള്ളുവിൻ നിങ്ങൾ
പങ്കജ-നേത്രൻ-തന്റെ ലീലകൾ ചൊല്ലീടുന്നേൻ.”
ശ്രീശുക-മഹാമുനി ശ്രീപരീക്ഷിത്തിനോടു
കേശവ-ചരിതങ്ങൾ ഓരോന്നേ ചൊന്ന ശേഷം
ആശയം തെളിഞ്ഞുടൻ ഭൂപതി-പ്രവരനും
പേശല-വാചാ മുനി-ശ്രേഷ്ഠനോടരുൾ ചെയ്താൻ:-- 40
"നിന്തിരുവടി അരുൾ ചെയ്തൊരു കഥകൾ കേ--
ട്ടന്തരങ് ഗത്തിൽ നമുക്കജ്ഞാനം എല്ലാം തീർന്നു.
ചിൽപ്പുരുഷന്റെ കഥ കേൾപ്പതിന്നഭിലാഷം
ഉൾപ്പൂവിൽ വർദ്ധിയ് ക്കയാൽ ഒന്നു ഞാൻ ചോദിയ് ക്കുന്നൂ :---
സോമ-വംശവും സൂര്യ-വംശവും വിസ്തരിച്ചു
സാമോദം ഭവാനരുൾ ചെയ്തു ഞാൻ കേട്ടുവല്ലോ.
പുണ്യവാനായ യദുതന്നുടെ വംശം തന്നിൽ
പുണ്ഡരീകാക്ഷനായ മാധവൻ ജഗന്നാഥൻ
വന്നവതരിച്ചോരോ ലീലകൾ ചെയ്തതെല്ലാം
ഇന്നരുൾ ചെയ്കവേണം എന്നോടു ദയാനിധേ. 50
യാതൊരു ദേവൻ-തന്റെ കാരുണ്യം കൊണ്ടു മമ
താതന്റെ താതന്മാരാം ധർമ്മജാദികൾ മുന്നം
വിക്രമം ഏറെയുള്ള ഭീഷ്മ-ദ്രോണാദി ഘോര--
നക്ര-സങ് കുലമായ കൌരവ-സേനാബ്ധിയെ
ഗോഷ്പദ-പ്രായമായി വേഗേന കടന്നുടൻ
പ്രാപ്ത-രാജ്യന്മാരായി സുഖിച്ചു വസിച്ചതും
ദ്രൌണി തന്നസ്ത്രാഗ്നിനാ ദഗ്ദ്ധമാം മമദേഹം
ക്ഷീണതയെന്ന്യേ പരിപാലിച്ചു പൂരുവംശം
സന്തതിനാശം വന്നു പോകാതെ പാലിച്ചതും
ഹന്ത ചിന്തിയ് ക്കിൽ കൃഷ്ണൻ തന്നുടെ കൃപയല്ലോ. 60
അങ്ങിനെയുള്ള ദേവൻതന്നുടെ കഥ കേട്ടാ-
ലെങ്ങിനെ തൃപ്തി ഭവിച്ചീടുന്നു മഹാമുനേ ?
ത്വന്മുഖാംബുജ-ച്യുത--മാധവ-കഥാമൃതം
നന്മയിലനുദിനം പാനം ചെയ്തതുമൂലം
നല്ലൊരു ജല-പാന-മാത്രവുമില്ലെങ്കിലും
ഇല്ലൊരു താപം എനിയ് ക്കേറ്റമെന്നറിഞ്ഞാലും."
ഇത്തരം നൃപൻതന്റെ വാക്കുകൾ കേട്ടനേരം
ചിത്ത-മോദേന മുനിശ്രേഷ്ഠനും അരുൾചെയ്തു:--
"ഉത്തമ-പുരുഷന്റെ ലീലകൾ കേൾപ്പാൻ തവ
ചിത്തത്തിൽ അഭിലാഷം വർദ്ധിച്ചു വരികയാൽ 70
ഉത്തമാന്മാരിലേറ്റം ഉത്തമനല്ലോ ഭവാൻ
മുക്തിയും ലഭിച്ചീടും--ഇല്ല സംശയമേതും.
നല്ലൊരു ഹരികഥ കേൾക്കുന്ന ജനങ്ങൾക്കും
ചൊല്ലുന്ന ജനങ്ങൾക്കും ചൊല്ലുവാൻ ചൊല്ലുന്നോർ ക്കും
കല്യാണങ്ങളും വരും മോക്ഷവും ലഭിച്ചീടും
ചൊല്ലുവനതുകൊണ്ടു കേട്ടുകൊണ്ടാലും ഭവാൻ.
ദേവദാനവയുദ്ധേ മരിച്ചോരസുരന്മാർ
കേവലം മനുഷ്യരായൂഴിയിൽ പിറക്കയാൽ
ഭാരത്തെസ്സഹിയാഞ്ഞു ഭൂമിയുമൊരുദിനം
സാരസോദ് ഭവനോടു സങ് കടം ഉണർത്തിച്ചാൾ. 80
അന്നേരം വിരിഞ്ചനും ചന്ദ്രശേഖരൻതാനു--
മിന്ദ്രാദി ദേവകളും മാമുനിജനങ്ങളും
ഒന്നിച്ചു നിരൂപിച്ചു ഭൂമിയോടോരുമിച്ചു
ചെന്നുടൻ ക്ഷീരാംബുധിതന്നുടെ തീരം പുക്കു
ആശയശുദ്ധിയോടും പൂരുഷസൂക്തം കൊണ്ടു
കേശവൻ തന്നെ സ്തുതി ചെയ്തങ്ങു നിൽക്കുന്നേരം
സാരമായോരു വാക്കു പത്മജൻ മാത്രം കേട്ടു
പാരാതേയതു മറ്റുള്ളവരോടുര ചെയ്താൻ:
"ദേവദേവന്റെ വാക്യം കേൾപ്പിനിന്നെല്ലാവരും
'കേവലം ഭൂമിഭാരം തീർപ്പ'നെന്നരുൾ ചെയ്തു 90
ധന്യനാം വസുദേവനാകിയ യാദവന്റെ
നന്ദനനായവതരിയ് ക്കും നാരായണൻ.
തന്നുടെ പൂർവജനായ് ശ്ശേഷനും ജനിച്ചീടും;
കന്യകാ-രൂപത്തോടു മായയും പിറന്നീടും.
ദേവകളെല്ലാവരും യാദവാന്വയത്തിങ്കൽ
ദേവദേവനെപ്പൂജിച്ചീടുവാൻ ജനിയ് ക്കേണം.
മാനുഷ-നാരിമാരായ് ജ്ജനിച്ചു സുരസ്ത്രീകൾ
ദാനവ-വൈരിതന്നെശ്ശുശ്രൂഷ ചെയ്തീടേണം."
എന്നെല്ലാം നിയോഗിച്ചു പത്മജൻ ഭൂമീ-ദേവി--
തന്നെയും ആശ്വസിപ്പിച്ചാത്മലോകവും പുക്കാൻ. 100
വന്ന സന്തോഷത്തോടും മറ്റുള്ള ജനങ്ങളും
നന്ദിച്ചു ചെന്നു നിജ-മന്ദിരേ മേവീടിനാർ.
മുഖ്യയാം കാളിന്ദിതൻ തീരത്തു മഥുരയെ--
ന്നാഖ്യയാം രാജധാനിതന്നിലങ്ങതുകാലം
യാദവ-വൃഷ് ണ്യന്ധക-ഭോജാദികളെയെല്ലാം
മോദേന ശൂര-സേനൻ പാലിച്ചു വാഴുംകാലം
ദേവക-തനൂജയാം ദേവകിതന്നെ വസു--
ദേവനാം ശൂര-പുത്രൻ ഭാഗ്യവാൻ വേട്ടീടിനാൻ.
പൊന്നണിഞ്ഞാനകളും അശ്വങ്ങൾ രഥങ്ങളും
സുന്ദരിമാരാം ദാസിവൃന്ദവും ധനങ്ങളും 110
എന്നിവയനവധി നൽകിനാൻ ദേവകനും
കന്യകതന്നിലുള്ള വാത്സല്യം പെരുക്കയാൽ.
ദേവക-ഭ്രാതാവാകും ഉഗ്ര-സേനന്റെ സുതൻ
കേവലമുഗ്രനാകും കംസനും അതുനേരം
നല്ലൊരു രഥംതന്നിൽ സോദരീ-സ്യാലന്മാരെ
മെല്ലവേ കരയേറ്റിക്കൊണ്ടുടൻ പുറപ്പെട്ടു.
സോദരീ-സ്നേഹംകൊണ്ടു താൻതന്നെ തേരും തെളി--
ച്ചാദരവോടു ഘോഷയാത്രയും തുടങ്ങിനാൻ.
കേൾക്കായിതശരീരിവാക്യവും അതുനേരം:
"മൂർഖനായോരു കംസ ! കേൾക്ക നീ വഴിപോലെ; 120
ദേവകിയ് ക്കെട്ടുപുത്രന്മാരുണ്ടാ, മതിൽ
കേവലം എട്ടാമൻ നിന്നെയും വധിച്ചീടും!"
എന്നതു കേട്ടനേരമെത്രയും ഭയത്തോടും
വന്നൊരു കോപത്തോടും കംസനുമെഴുന്നേറ്റു
നല്ലൊരു വാളെടുത്തു ചെന്നു തൻഭഗിനിയെ--
ക്കൊല്ലുവാനായിപ്പിടിപ്പെട്ടിതു കേശത്തിൻമേൽ .
ഹാഹാകാരേണ പരിപൂർണ്ണമായ്ജ്ജഗത്തെല്ലാം;
മോഹിച്ചു ദേവകിയും ഭൂമിയിൽ വീണീടിനാൾ.
എന്നതു കണ്ടു ചെറ്റു ചിന്തിച്ചു വസുദേവൻ
മന്ദഹാസവും ചെയ്തു കംസനോടുരചെയ്താൻ: -- 130
"ഭോജ-വംശാമൃതാബ്ധി-ശീതാംശോ, മഹാമതേ,
പൂജിത-ഗുണനിധേ! കേൾക്ക മേ വാക്യം ഭവാൻ.
"സാഹസമരുത, രു, താർക്കും എന്നറിഞ്ഞാലു--
മാഹന്ത ധർമ്മാധർമ്മമൊക്കെയും മറന്നല്ലോ.
കന്യകാ-ഹത്യയോടു തുല്യമായൊരു പാപം
മന്നിലില്ലൊരുവർക്കും എന്നല്ലോ ശാസ്ത്രങ്ങളും.
"എന്നതിൽ വിശേഷിച്ചു സോദരിയല്ലോ ഇവൾ
ഒന്നുമില്ലപരാധമിവൾക്കു നിരൂപിച്ചാൽ.
"കന്യകാവധം കൊണ്ടു നിന്നുടെ കീർത്തിയ് ക്കിന്നു
വന്നിടും കളങ്കവും എന്നതു ധരിച്ചാലും! 140
"വീരരായുള്ളവർക്കു ദുഷ് കീർത്തി വരുന്നതിൽ
പാരാതെ മരിപ്പതു നല്ലതെന്നറിഞ്ഞാലും,
"ത്വൽക്കീർത്തി സഹിയാഞ്ഞു ദേവകൾ ഭവാനൊരു
ദുഷ് ക്കീർത്തിയുണ്ടാക്കുവാൻ ഇന്നിതു ചൊൽകയല്ലീ ?
എന്നിയേ ദേവ-വാക്യം സത്യമെന്നിരിയ് ക്കിലോ
മന്നവ, നീക്കീടുവാൻ ആവതല്ലല്ലോ പാർത്താൽ.
മർത്ത്യൻമാർ ജനിയ് ക്കുമ്പോൾ കൂടവേ ജനിച്ചീടും
മൃത്യുവും, ഒരുമിച്ചു നിത്യവും വസിച്ചീടും.
കാലവും വരുന്നേരം മൃത്യുവും ഗ്രഹിച്ചീടും
കാലകാലനുമതു നീക്കുവാൻ പണിയത്രേ ! 150
ഇന്നിവൾതന്നെക്കൊന്നാൽ നിനക്കു മൃതിയെന്ന-
തെന്നുമില്ലെന്നതുണ്ടോ നിന്നുടെ മനക്കാന്പിൽ ?"
ഇത്തരമോരോതരം വിസ്തരിച്ചുരചെയ്തു
ചിത്തത്തിലവനേതുമേൽക്കാഞ്ഞു വസുദേവൻ
പിന്നെയും വിചാരിച്ചു ചൊല്ലിനാ, "നെങ്കിൽ കേൾ നീ
ഇന്നിവൾതങ്കൽനിന്നു മൃത്യുവില്ലല്ലോ തവ.
പുത്രന്മാരിവൾ പെറ്റിട്ടുണ്ടാകുന്നവരെല്ലാം
എത്രയും വൈകാതെ ഞാൻ നിനക്കു തന്നീടുവൻ;
വിശ്വൈകസാക്ഷിയാകും ആദിത്യൻ തന്നാണതു
വിശ്വസിച്ചാലും മമ ഭാഷിതം സത്യമത്രേ !" 160
എന്നതു കേട്ടനേരം കംസനും വസുദേവൻ
തന്നുടെ സത്യമോർത്തിട്ടങ്ങിനെ തന്നെയെന്നാൻ.
സോദരി തന്നെപ്പറഞ്ഞയച്ചു പുരി പുക്കു
മോദേന വസിച്ചതു, ശൌരിയും ഗേഹം പുക്കാൻ.
ഓരാണ്ടു കഴിഞ്ഞപ്പോൾ ദേവകി പെറ്റീടിനാൾ
ചാരു-തേജോമയനാം നല്ലൊരു കുമാരനെ.
സഹിച്ചു കൂടാതൊരു ദു:ഖമുണ്ടെന്നാകിലും
മഹത്വമുണ്ടാകയാൽ അസത്യ-ഭയത്തിനാൽ
ഉത്തമൻ വസുദേവൻ പുത്രനെയെടുത്തുടൻ
സത്വരം കംസൻ തന്റെ കരത്തിൽ നൽകീടിനാൻ. 170
ഉത്തമനായ ശൌരിതന്നുടെ സത്യം കണ്ടു
ചിത്ത-മോദേന കംസനിത്തരം ചൊല്ലീടിനാൻ:
" ഉത്തമൻ ഭവാനത്രേ പക്കൽനിന്നു
മൃത്യുഭീതിയുമെനിയ്ക്കില്ലല്ലോ മഹാമതേ!
ആകയാലഷ്ടമനാം പുത്രനെത്തന്നാൽ പോരും
ശോകവും കളഞ്ഞിനി വാഴ് ക നീ പുത്രനോടും."
എന്നുരചെയ് തു പുത്രൻ തന്നെയും നൽകീടിനാൻ
നന്ദിച്ചു വാങ്ങിക്കൊണ്ടു ശൌരിയും ഗൃഹം പുക്കാൻ.
ദുഷ്ടന്മാരുടെ ചിത്തം ചഞ്ചലമാകകൊണ്ടു
തുഷ്ടിയും വസുദേവനൊട്ടുമേ വന്നീലല്ലോ. 180
ബ്രഹ്മ-നന്ദനനായ നാരദൻ അതുകാലം
ദുർമ്മതിയായുള്ളൊരു കംസനോടരുൾ ചെയ് തു:
"നന്ദഗോപാദികളായുള്ളൊരു ഗോപന്മാരും
മന്നവ, യശോദാദി-ഗോപികാജനങ്ങളും
സുന്ദരി ദേവക്യാദിയാകിയ നാരിമാരും
എന്നിവരെല്ലാം ദേവവംശമെന്നറിഞ്ഞാലും
ഇന്നു നീ കാലനേമിയായ ദാനവനല്ലോ.
നിന്നുടെ സചിവന്മാരാകിയ ദേവാദികൾ
മന്നിൽ വന്നുദ് ഭവിച്ച ദാനവരവരല്ലോ. 189
ആദിതേയന്മാർ അപേക്ഷിയ് ക്കയാൽ നാരായണൻ
യാദവാന്വയത്തിങ്കൽ ദേവകീ-തനയനായ്
വന്നവതരിച്ചുടൻ നിന്നെയും വധിച്ചീടും
മന്ദനായിരിയ് ക്ക നീ, ഞാനിതാ ഗമിയ് ക്കുന്നേൻ ."
എന്നരുൾ ചെയ് തു മുനി പോയോരുശേഷം കംസൻ
നന്നു നന്നെന്നു പറഞ്ഞെത്രയും കോപത്തോടേ
ദേവകിയ് ക്കുളവായ പുത്രനെക്കൊന്നീടിനാൻ;
ദൈവ-കൽപ്പിതം ആർക്കും തടുക്കാൻ അരുതല്ലോ.
ആറു വത്സരം കൊണ്ടങ്ങാറു പുത്രന്മാരുണ്ടായ്
നാരിമാർ മണിയാകും ദേവകി; യ് ക്കവരെല്ലാം
അന്നന്നു തന്നേ കംസൻ ചെന്നങ്ങു വധിച്ചിതു; 200
ഖിന്നത പൂണ്ടു വസുദേവനും വാണീടിനാൻ.
പിന്നെത്തൻ ഭഗിനിയാം ദേവകീ-ദേവിയേയും
ഖിന്നനാം വസുദേവൻതന്നെയും മഹാശഠൻ
തന്നുടെ താതനേയും ശൂരനാം യദു-പതി-
തന്നെയും ബന്ധിച്ചിതു ചങ്ങലകൊണ്ടുതന്നെ.
രാജ-ഭോഗങ്ങളനുഭവിച്ചു ദുഷ്ടന്മാരാൽ
പൂജിതനായ കംസൻ വാണിതു സുഖത്തോടും.
അദ്ധ്യായം ഒന്നു പറഞ്ഞീടിനേൻ ഇനി നിങ്ങൾ--
ക്കത്യാശ ഉണ്ടെന്നാകിൽച്ചൊല്ലുവൻ കേട്ടുകൊൾവിൻ ! 210