Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 4
ശ്രീമദ് ഭാഗവതം ദശമം -- ഭാഷാഗാനം
നാലാം അദ്ധ്യായം
കന്യകാ-രോദനത്തെക്കേട്ടൊരു രക്ഷിവൃന്ദം
വന്നൊരു ഭയത്തോടും കംസനോടറിയിച്ചാർ.
എത്രയും ഭീതിപൂണ്ടു കംസനും വേഗത്തോടും
ഗാത്രവും വിറച്ചതിദീനനായോടിച്ചെന്നു
കന്യക-തന്നെപ്പിടിച്ചീടിനാനനതുനേരം;
തന്നുള്ളിൽ ഭയത്തോടും ദേവകിതാനും ചൊന്നാൾ:-
"ഭ്രാതാവേ ! മഹാമതേ ! സാഹസം എന്തിതയ് യോ !
ചേതസി നിനയ് ക്ക നീ, സോദരിയല്ലോ ഞാനും ?
സുന്ദരന്മാരാം ആറു പുത്രരെ വധിച്ചു നീ
കന്യക-തന്നെ മമ നൽകുക കൃപയാലേ ! 10
കന്യകാ-വധത്തിനു പാപവും ഇല്ലേ പാർത്താൽ ?
പിന്നെയിന്നിവൾ നിന്നെക്കൊല്ലുവാൻ ആളാകുമോ ?”
ഇത്തരം ഓരോതരം പറഞ്ഞു കരയുന്നോ--
രുത്തമ-സ്ത്രീരത്നത്തെബ് ഭർത്സിച്ചു മഹാ-ഖലൻ.
കന്യക-തന്റെ പാദം പിടിച്ചങ്ങുയർത്തിക്കൊ--
ണ്ടുന്നത-ശിലതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ
കന്യക-താനും കയ് യിൽ നിന്നുടൻ ഉൽപ്പതിച്ചു
തന്നുടെ രൂപത്തോടും അംബരേ വിളങ്ങിനാൾ .
എട്ടു തൃക്കൈകളിലും ആയുധ-ജാലത്തോടും
എട്ടു ദിക്കിലും നിറഞ്ഞുള്ളൊരു തേജസ്സോടും 20
സ്വർവധൂ-ജനത്തോടും ദേവതാ-വൃന്ദത്തോടും
ഇങ്ങിനെ കണ്ടനേരം കംസനും ഭയപ്പെട്ടു;
തിങ്ങിന കോപത്തോടും ദേവിയും അരുൾ ചെയ്തു:--
"നിർമ്മരിയാദത്തിനു മുന്പനാകിയ കംസ !
ദുർമ്മതേ ! ജള-പ്രഭോ ! കേൾക്ക നീ മമ വാക്യം!
കൊല്ലുവാനെന്നാകിലും കാൽ പിടിച്ചതുമൂലം
കൊല്ലുകയില്ല നിന്നെ ഞാനിന്നു, പേടിയ് ക്കേണ്ടാ.
നിന്നുടെ കാലനിന്നു ഭൂമിയിൽ ഉളവായി;
സന്നാഹം ഉണ്ടെന്നാകിൽ തിരഞ്ഞു കൊണ്ടാലും നീ !” 30
എന്നരുൾചെയ് തശേഷം ദേവിയും മറഞ്ഞിതു
വന്ന സന്താപമെന്തു ചൊല്ലുന്നു കംസനപ്പോൾ!
ദേവകീ-വസുദേവന്മാരെയും അഴിച്ചുടൻ
കേവലം ഭീതിയോടും നമസ്കാരവും ചെയ് തു
വന്ദിച്ചു ചൊന്നാൻ:-- "മഹാപാപിയാം എന്നിലിന്നു
നിന്ദയും ഉണ്ടാകൊല്ലാ, കോപവും അരുതേതും !
ആരുടെ ദോഷം കൊണ്ടും വന്നതല്ലിവയൊന്നും
ആരാലും തടുക്കാമോ ദൈവ-കൽപ്പിതം ഓർത്താൽ?
പൂർവ-ജന്മത്തിൽ ചെയ്ത പുണ്യ-പാപങ്ങളല്ലോ
സർവ് വവും ഇജ്ജന്മത്തും എല്ലാർക്കും അനുഭവം. 40
സന്തതി-നാശത്തിനു പൂർവജന്മത്തിൽ നിങ്ങൾ
എന്തൊരു കർമ്മം ചെയ് തതെന്നതും അറിഞ്ഞീല.
കർമ്മ-ബന്ധത്താൽ ഏവം വന്നതിനെന്നോടേതും
നിർമ്മലന്മാരേ, കോപം ഉണ്ടാകാതിരിയ് ക്കേണം!
ജ്ഞാനികളായ നിങ്ങൾ ശോകവും കളഞ്ഞിനി
ദീനനാം എനിയ് ക്കിന്നു നൽകേണം അനുഗ്രഹം."
എന്നിവ പലതരം പറഞ്ഞങ്ങവരേയും
വന്ദിച്ചു പാദ-യുഗ്മം പിടിച്ചു ലജ്ജയോടും.
ജ്ഞാനികളാകമൂലം കോപവും ക്ഷമിച്ചവർ
മാനിച്ചു കംസൻതന്നെപ്പോകയെന്നയച്ചുതേ. 50
യാത്രയും ചൊല്ലിപ്പോകും നേരത്തു കംസൻ നിജ--
ചിത്തത്തിൽ പലതരം ചിന്തിച്ചു തുടങ്ങിനാൻ :--
"കേവലം മാനുഷന്മാർ എന്നതു പോലെത്തന്നെ
ദൈവവും അസത്യത്തെച്ചൊല്ലുമെന്നതും വന്നു.
ഇന്നു ഞാൻ അശരീരി-വാക്കിനെ വിശ്വസിച്ചു
കൊന്നിതു ഭഗിനിതൻ നന്ദനന്മാരെ വൃഥാ.
ദേവകളുടെ ചതി തന്നെയല്ലല്ലീ, വസു--
ദേവനും മുന്നേ തന്നെ ചൊന്നപ്പോൾ ഓർത്തീല ഞാൻ.
എന്നുടെ ജീവനത്തെ രക്ഷിപ്പാൻ ഇവ ചെയ് തേൻ
വന്നതില്ലൊരു ഫലം പാപമെന്നിയേ പാർത്താൽ." 60
ഇത്തരം പലതരം ചിന്തിച്ചു കംസൻതാനും
രാത്രിയും കഴിച്ചുടൻ പിറ്റന്നാൾ ഉഷസ്സിങ്കൽ
സേവകന്മാരാം ബക-ചാണൂരാദികളോടും
ദേവിതാൻ അരുൾ ചെയ് ത വൃത്താന്തം ചൊല്ലീടിനാൻ.
അന്നേരം അവർകളും ചൊല്ലിനാർ:-- "ഇതുകൊണ്ടു
മന്നവ, ഭവാനെന്തു ഖേദിപ്പാൻ ? ഇതുമൂലം
ഇന്നുള്ള ബാലകന്മാരെയൊക്കവേ കൊന്നീടുവാൻ
കന്യകാ-വേഷംപൂണ്ടു പൂതന ഗമിയ് ക്കേണം.
ദേവ-പാക്ഷികന്മാരെയൊക്കെയും വധിയ് ക്ക നാം
ദേവകൾ നമ്മോടെന്തു ചെയ് യുന്നു, ദുർബ്ബലന്മാർ ? 70
രാജസ-ഭാവം കാട്ടി നടക്കും ദേവേന്ദ്രനോ
തേജോ-വാരിധേ നിന്നെക്കാണുന്പോൾ ഓടുമല്ലോ !
സാധുവാം ജനങ്ങളെ വ്യാജേന വധിയ് ക്കുന്ന
മാധവൻതന്നെ വധിച്ചീടുവൻ മായത്താലേ.
കാടതിൽക്കിടക്കുന്ന ശങ്കരൻ എന്തുചെയ് യും ?
മൂഢനായ് ത്തപം ചെയ് യും നാന്മുഖനെന്തു ചെയ് യും ?
എങ്കിലുമിന്നു ദേവ-മൂലത്തെച്ഛേദിയ് ക്കേണം
ശങ്കയില്ലവരുടെ മൂലവും വിഷ്ണുവല്ലോ.
മൂലമില്ലാത്ത വൃക്ഷ-ശാഖകളെന്നപോലെ
ചാലവേ പിന്നെ നാശം വന്നീടും ദേവകൾക്കും. 80
ഗോക്കളും ദ്വിജ-യജ്ഞ-താപസന്മാരും ഇവ
പാർക്കിലോ ഹരിയ് ക്കുള്ളോരങ് ഗങ്ങളെന്നു കേൾപ്പൂ.
ആകയാൽ അവയെല്ലാം ഇന്നു നാം ഒടുക്കേണം
വൈകാതെ കൽപ്പിയ് ക്കേണം ഞങ്ങളെയതിനിപ്പോൾ.
അങ് ഗങ്ങൾ നശിയ് ക്കുന്പോൾ അങ് ഗിയും നശിച്ചീടും
മങ് ഗളം വന്നുകൂടും അന്നേരം നമുക്കെല്ലാം."
ദുർമ്മതി-ജനത്തിന്റെ വാക്കുകൾ ഏവം കേട്ടു
ദുർമ്മതിയായ കംസൻ ഏറ്റവും സന്തോഷിച്ചാൻ.
സമ്മാനിച്ചവർകളെക്കൽപ്പിച്ചങ്ങയച്ചുടൻ
അമ്മഹാപാപിതാനും തന്നുടെ ഗൃഹം പുക്കാൻ. 90
പാപികളായ ബക-ധേനുകാദികളെയെല്ലാം
താപസ-ദ്വിജാദികളാകിയ സാധുക്കളെ
നിത്യവും ഉപദ്രവം തുടർന്നാർ ഓരോതരം
ഇത്തരം നാലദ്ധ്യായം ചൊല്ലിനേൻ ചുരുക്കമായ്. 94
Comments
Post a Comment