Bhagavatam PurayannooR daSamam kiLippaattu^ -- Chapter 3


ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം    

അദ്ധ്യായം  3

ബ്രഹ്മശ്രീ പുറയന്നൂർ പരമേശ്വരൻ നന്പൂതിരിപ്പാട് 


അക്കാലം ദേവകിയ് ക്കു  പൂർണ്ണമായിതു ഗർഭം 

മുഖ്യമായിരിപ്പോരു ചിങ്ങമാസവും വന്നു.



അഷ്ടമീ-രോഹിണി-നാളർദ്ധരാത്രിയ് ക്കുതന്നെ 

പുഷ്ട-മോദത്തോടവതാരവും ചെയ് തു നാഥൻ.



അപ്പൊഴേ പുഷ്പ-വൃഷ്ടി ചെയ് തിതു ദേവാദിക, --

ളപ്സര-സ്ത്രീകളെല്ലാം നൃത്തവും തുടങ്ങിനാർ.



പാരം  ആനന്ദം പൂണ്ടു ഗന്ധർവ-സമൂഹവും 

നാരദൻതാനും പല പാട്ടുകൾ പാടീടിനാർ.



ദിക്കുകളുജ്ജ്വലിച്ചു, വഹ്നിയും പ്രകാശിച്ചൂ 

തസ് ക്കരൻമാരുമൊക്കെപ്പുക്കിതു വനാന്തരം.                       10



മന്ദമായ് പ്പവനനും വീശിനാൻ, ജലങ്ങളും 

നന്നായിത്തെളിഞ്ഞേറ്റം വർദ്ധിച്ചു ചമഞ്ഞുതേ.   



നക്ഷത്ര-ഗ്രഹാദികളെത്രയും പ്രകാശിച്ചു 

തൽക്ഷണേ മന്ദംമന്ദം ശബ്ദിച്ചു മേഘങ്ങളും.



ശിഷ്ടന്മാരുടെ ചിത്തമേറ്റവും തെളിഞ്ഞുതേ 

ദുഷ്ടരാം കംസാദികൾ പേടിച്ചങ്ങുറങ്ങിനാർ.



ഇത്തരം അതുനേരം ഉണ്ടായ ഘോഷമെല്ലാം 

വിസ്തരിച്ചുരചെയ് വനാവതല്ലനന്തനും.  



സൂതികാ-ഗൃഹമേറ്റം ഉജ്ജ്വലിച്ചതു കണ്ടു 

കൗതുകത്തോടും വസുദേവൻതാൻ നോക്കുന്നേരം                     20

കണ്ടാനങ്ങൊരു ബാലൻതന്നുടെ രൂപാമൃതം 

പണ്ടാരും ഇതുപോലെ കണ്ടതില്ലെന്നേ വേണ്ടൂ.



പൊന്മയ-കിരീടവും അംബുജ-നയനവും 

നന്മയേറീടും മകരാകൃതി-കുണ്ഡലവും

മന്ദ-ഹാസവും ചന്ദ്ര-തുല്യമാം വദനവും 

സുന്ദര-ഗള-തലേ കൌസ്തുഭ-രത്നാഭയും 

ശ്രീവത്സാങ്കവും വന-മാലയും പൊന്മാലയും 

ദേവ-ദുർല്ലഭങ്ങളാം ഹാരങ്ങൾ പതക്കങ്ങൾ   

എന്നിവകൊണ്ടു ശോഭിച്ചീടുന്ന വക്ഷ-സ്ഥലം 

തന്നിലുള്ളോരു  തുളസീ-ദള-സൌരഭ്യവും                     30

കങ്കണ-ദീപ്തങ്ങളായുള്ളൊരു കരം നാലിൽ 

ശങ് -ചക്രാബ്ജ-ഗദ ധരിച്ച ശോഭയോടും 

അഞ്ചിത-പീതാംബര ശോഭിത-കടിതടേ 

കാഞ്ചന-കാഞ്ചീഗുണം അഞ്ചിത-ശോഭയോടും 

പങ് കജ-ശോഭതന്നെ നിന്ദിയ് ക്കും പദ-ദ്വയേ 

തങ്കത്തെക്കാളും നിറമേറുന്ന മഞ്ജീരവും 

കായാന്പൂ-നിറം നാണിച്ചീടിന നിറത്തോടും 

മായാ-ബാലകൻതന്നെക്കണ്ടൊരു വസുദേവൻ 

നേത്രങ്ങളനക്കാതെ നോക്കി-നിന്നരക്ഷണം 

ചീർത്ത കൌതുകത്തോടും ചിത്തത്തിൽ നിരൂപിച്ചാൻ :--   40



"മാമുനിമാരും മറ്റു ശാസ്ത്രജ്ഞന്മാരും വന്നു 

സാമോദം പറഞ്ഞു ഞാൻ കേട്ടതുപോലെതന്നെ

മുൻപിലാമ്മാറു വിഷ്ണു-രൂപത്തെക്കാൺകമൂലം 

ഇന്നിതു നാരായണനെന്നതുമുറച്ചു ഞാൻ.



ദുഷ്ടനാകിയ കംസൻതന്നെക്കൊന്നവനിയിൽ 

ശിഷ്ടരായുള്ളവരെപ്പാലിച്ചുകൊണ്ടീടുവാൻ 

എന്നുടെ തനയനായ്  വന്നവതരിച്ചിതു 

പന്നഗ-ശയനനാം മാധവനെന്നു നൂനം."



ഇത്തരം  ഉറച്ചവൻ ബാലകൻപദങ്ങളിൽ 

ഭക്തി-കൈക്കൊണ്ടു വീണു നമസ്കാരവും ചെയ്തു.          50 



പിന്നെയങ്ങെഴുന്നേറ്റു കൈകളും കൂപ്പി നിന്നു 

മുന്നിലാമ്മാറു നിൽക്കും ദേവനെ സ്തുതിചെയ് താൻ:--



"ദേവ-ദേവേശ  ജയ!  മാധവ ജയ ജയ !

കേവലാനന്ദ ജയ! ലോക-നായക ജയ !

നിന്നുടെ മായതന്നിൽ മുഴുകിക്കിടക്കുന്നോ--

രെന്നെയും പരിപാലിച്ചീടേണം ദയാ-നിധേ !



എന്നുമേ ജന്മ-മരണാദികൾ ഇല്ലാത്ത നീ 

എന്നുടെ സുതനായി വന്നവതരിച്ചതും 

എന്നുടെ ഭാഗ്യമെന്നുതന്നെ ഞാൻ കരുതുന്നേൻ 

എന്നതിൻ കാരണങ്ങളെന്തറിയാവൂ നാഥ ?                    60 



കംസനാൽ ക്ലിഷ്ടന്മാരാം ഞങ്ങളെക്കൃപയാലേ 

സംസാര-വിനാശനാ ! രക്ഷിച്ചുകൊള്ളേണമേ !



ഇന്നു നിന്നവതാരം കേൾക്കിലോ കംസൻ  താനും 

വന്നീടും ഉപായം എന്തതിനു ദയാനിധേ ?"



ഇത്തരം സ്തുതിച്ചവൻ   അയുതം പശുക്കളെ 

ചിത്ത-മോദേന ദാനം ചെയ് തിതു മനസ്സിനാൽ.



ദേവകീ-ദേവിതാനും ഏറ്റവും സ്തുതിച്ചുടൻ 

ദേവ-ദേവേശൻ തന്നോടീവണ്ണം ഉരചെയ് താൾ.



"നിന്തിരുവടി  മമ നന്ദനനായി വന്ന--

തെന്തൊരു ഭാഗ്യമെന്നു മറ്റാർക്കിന്നറിയാവൂ ?                70 



ലോക-നായക! ഭവദ്രൂപത്തെ മറച്ചിനി 

ലൌകികമായ ബാല-രൂപത്തെദ്ധരിയ് ക്കേണം !




ദുഷ്ടനാം കംസൻ എന്തു ചെയ് യുന്നിതറിഞ്ഞീല 

ദുഷ്ട-നാശന, പരിപാലിച്ചുകൊള്ളേണമേ !'



ദേവകിയുടെ വാക്യം കേട്ടു സന്തോഷത്തോടു 

ദേവ-ദേവേശൻ മന്ദ-ഹാസമോടരുൾ ചെയ് തു:--



"പണ്ടു  നീ സ്വായംഭുവമാകിയ മന്വന്തരേ 

വണ്ടാർപൂങ്കുഴലാളാം പൃഷ്ണിയായതു ഭദ്രേ !



സുതപസ്സെന്നു കീർത്തി  പൊങ്ങിടും പ്രജാപതി--

സുതനോ തവ ഭർത്താവന്നിവനറിഞ്ഞാലും !               80



എത്രയും തപം ചെയ് തു നിങ്ങളന്നെന്നെ, ഞാനും 

പുത്രനായ്  പിറന്നതും പൃഷ്ണി-ഗർഭാഖ്യയോടും 

പിന്നെയങ്ങദിതിയായ്  വന്നു നീ പിറന്നിതു 

നിന്നുടെ ഭർത്താവിവനന്നു കാശ്യപനല്ലോ.



വാമനനെന്നു പേരായന്നു നിൻ തനയനായ് 

വാമ-ലോചനേ ! ഞാനും വന്നവതാരം ചെയ് തേൻ.



ഇന്നു നിൻ  തനയനായ് കൃഷ്ണനെന്നാഖ്യയോടും 

വന്നവതാരം ചെയ് തേൻ എന്നതു ധരിച്ചാലും !             



പ്രാഗ് ജന്മ സ്മരണത്തിനായ് ക്കൊണ്ടു മമ-രൂപം

ഊർജ്ജിതം നിങ്ങൾക്കിന്നു കാട്ടിയതറിഞ്ഞാലും  !         90



ഈശ്വര-ഭാവത്തോടും നന്ദന-ഭാവത്തോടും 

ശാശ്വതമെന്നെ നിങ്ങൾ ചിന്തിയ് ക്കും ഇജ്ജന്മത്തിൽ .



അന്ത്യകാലത്തു മമ സായുജ്യം വരും നിങ്ങൾ--

ക്കെന്തിനിദ്ദു:ഖിയ് ക്കുന്നൂ ബന്ധുവായുണ്ടല്ലോ ഞാൻ ?



ഉത്തമ-ഭക്തന്മാർക്കു  മുക്തിയും നൽകീടും ഞാൻ 

അത്രയും , ല്ലവർക്കു ദാസനെന്നറിഞ്ഞാലും ! “              



എന്നരുൾ ചെയ്തു വസുദേവനെ നോക്കിപ്പിന്നെ 

മന്ദഹാസവും ചെയ്തു മന്ദമായുരചെയ്തു:



"സുന്ദരീ യശോദയാം നന്ദന്റെ പത്നിയ് ക്കൊരു  

നന്ദിനിയുണ്ടായ് വന്നു ഞാൻ പിറന്നോരു നേരം.           100



എന്നെയും തത്ര കൊണ്ടുചെന്നു  നീ ശയിപ്പിച്ചു 

കന്യക-തന്നെക്കൊണ്ടുപോരിക മടിയാതെ.



ഉണ്ടതുകൊണ്ടു  കാര്യം, മാർഗ്ഗത്തിലൊരു വിഘ്നം 

ഉണ്ടാകയില്ല തവ, നല്ലതു വരും മേലിൽ.”



എന്നരുൾചെയ്തു നിജ-രൂപവും മറച്ചുടൻ 

പിന്നെയങ്ങൊരു മർത്ത്യ-ബാലനായ് ക്കിടന്നപ്പോൾ 

എത്രയും വേഗത്തോടു ദേവകിചെന്നു നിജ-

പുത്രനെയെടുത്തുടൻ മുലയും നൽകീടിനാൾ.



അന്നേരം വസുദേവൻ പുത്രനെയെടുത്തതി--

ഖിന്നതയോടും പുറപ്പെട്ടൊരു നേരംതന്നെ                    110

ബന്ധിച്ചു കിടന്നോരു ചങ്ങലയതും പൊട്ടി--

ബ്ബന്ധമെന്നിയേ കവാടങ്ങളും തുറന്നുപോയ് !



മുറ്റത്തിങ്ങിറങ്ങിയ നേരത്തു മഴയുമു--

ണ്ടറ്റമില്ലാതെയുള്ള കൂരിരുട്ടതുമുണ്ട്. 



അന്നേരം അനന്തനും വന്നു തൻ ഫണംകൊണ്ടു 

പിന്നിലാമ്മാറു നിന്നു കുടയും പിടിച്ചൂ  തേ.



മിന്നുന്ന ഫണ-രത്ന-ശോഭകൾകൊണ്ടുതന്നെ 

ധന്യനാം ശൌരിയ്  ക്കപ്പോൾ മാർഗ്ഗവും കാണായ് വന്നൂ.



തീരദേശവും കവിഞ്ഞൊഴുകും കാളിന്ദിയിൽ 

ശൌരിതൻ മുഴങ്കാൽക്കു വെള്ളമായ് വന്നിതപ്പോൾ.                  120



ആശ്ചര്യം പൂണ്ടാൻ ഇവ കണ്ടൊരു വസുദേവൻ 

ഈശ്വര-വിലാസങ്ങൾക്കെന്തരുതാതെയുള്ളൂ ?

നന്ദ-വേശ്മനി ചെന്നു ശൌരിയും യശോദയാം 

സുന്ദരീ-സമീപത്തു കിടത്തീ കുമാരനെ.



കന്യകാ-രത്നത്തേയും കൊണ്ടിങ്ങു പോന്നൂ  നിജ--

തന്വങ് ഗിയുടെ കയ് യിൽ  കൊടുത്തൂ മോദത്തോടും.



മുന്നമെന്നതുപോലെ ബന്ധിച്ചു നിജ-പാദം 

അന്നേരം കവാടങ്ങൾ അടഞ്ഞൂ താനേ തന്നെ.



ദേവകിതാനും വസുദേവനും  നിജഹൃദി 

ദേവ-ദേവേശൻതന്നെ ധ്യാനിച്ചു മരുവിനാർ.                    130



ഇങ്ങിനെ മൂന്നദ്ധ്യായം ചൊല്ലിനേൻ ഇനിയും ഞാൻ 

മങ് ഗളമായ  കഥ ചൊല്ലുവൻ കേട്ടുകൊൾവിൻ.             132

Comments

Popular posts from this blog

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 8, 9, & 10

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 4

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 1