Bhagavatam PurayannooR daSamam kiLippaattu^ -- Chapter 2


ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം    അദ്ധ്യായം 2

(പുറയന്നൂർ ദശമം)   ബ്രഹ്മശ്രീ പുറയന്നൂർ പരമേശ്വരൻ നന്പൂതിരിപ്പാട് 



അക്കാലം കംസൻതന്റെ ഭൃത്യനാം ബകൻതാനും 

മുഷ് ക്കരൻ  പ്രലംബനും ശക്തനാം തൃണാവർത്തൻ 

മുഷ്ടികൻ അരിഷ്ടനും  ചാണൂരൻ മഹാ-ശഠൻ 

ദുഷ്ടനാം വിവിദനും പൂതനാ-പിശാചിയും 

എന്നിവരെല്ലാവരുമൊന്നിച്ചു കംസൻതാനും 

മന്നവന്മാരാം ജരാസന്ധ-സാല്വാദികളും 

ഒന്നിച്ചു യദുക്കളെ ദ്വേഷിച്ചു  തുടങ്ങിനാർ;

ഖിന്നതപൂണ്ടു വാങ്ങിപ്പോന്നിതു യദുക്കളും

കേകയ-കുരു-വിദർഭാദിയാം രാജ്യങ്ങളിൽ 

ശോകേന വസിച്ചിതു നിത്യവും ഭയത്തോടും.                     10 



അക്കാലം ദേവകിയ് ക്കു സപ്തമമായ ഗർഭം 

വ്യക്തമായ് വന്നൂ ശേഷ-തേജസാ സമന്വിതം.



അന്നേരം നാരായണൻ മായയോടരുൾചെയ്തു:--

നന്ദിച്ചു യദു-കുലം തന്നിൽ നീ ചെന്നീടേണം.

ദേവകീ-ഗർഭത്തിങ്കലുള്ളൊരു ശേഷ-തേജ--

സ്സാവോളം വൈകീടാതെ തത്ര നിന്നെടുത്തു നീ 

രോഹിണിയുടെ ഗർഭം തന്നിലങ്ങാക്കീടേണം

മോഹന-ശീലേ, വസുദേവന്റെ  പത്നിയവൾ.



"അന്പാടിതന്നിലവൾ വാഴുന്നു നന്ദഗേഹേ

വന്പനാം കംസൻതന്നെപ്പേടിച്ചു ദു:ഖത്തോടും                        20 

ഗർഭത്തിൽനിന്നു നീയുമാകർഷിയ് ക്കുന്നമൂല--

മർഭകൻതനിയ് ക്കു സങ്കർഷണനെന്നു പേരാം.

ആമോദമെല്ലാവർക്കുമുണ്ടാക്കിച്ചമയ്  ക്കയാൽ 

രാമനെന്നൊരു നാമം കൂടിയുണ്ടാകുമല്ലോ.



തുല്യമില്ലാത്ത ബലമുണ്ടായി വരികയാൽ 

ചൊല്ലീടും ബലഭദ്രനെന്നൊരു പേരും പിന്നെ.



പിന്നെ നീ യശോദതൻ പുത്രിയായ് പ്പിറന്നാലും

മന്നിടംതന്നിൽ നിന്നെപ്പൂജിയ്  ക്കുമെല്ലാവരും.



വൈഷ്ണവീ, കന്യാ ,ദുർഗ്ഗാ, ചണ്ഡികയെന്നും  പിന്നെ 

കൃഷ്ണ, മാധവിയെന്നും അംബികാ-ദേവിയെന്നും                    30 

നാമങ്ങൾ നിനക്കുണ്ടായ് വന്നീടും, ഭക്തന്മാർക്കു--

ള്ളാമയങ്ങളും  തീർത്തു  ഭൂതലേ വസിച്ചാലും !"



മായയുമതു കേട്ടു ഭൂതലംതന്നിൽച്ചെന്നു 

മായാ-മാനുഷൻ  നിയോഗിച്ചതുപോലെ ചെയ് താൾ .



ദേവകിയുടെ  ഗർഭം പോയതുകൊണ്ടു പരി--

ദേവനംചെയ് തു വസുദേവനും  ബന്ധുക്കളും.



ഭൂമി-ഭാരത്തെത്തീർപ്പാൻ  അക്കാലം നാരായണൻ 

സാമോദം വസുദേവൻതന്നുടെ മനസ്സിങ്കൽ 

സത്വരം പ്രവേശിച്ചാൻ  മായയാ നിജാംശത്താൽ;

എത്രയും തേജോമയനായിതു വസുദേവൻ.                          40



ഗർഭവും ഉണ്ടായ് വന്നു ദേവകി, യ് ക്കതുകാലം 

അത്ഭുത-ഗാത്രിതാനും ഉജ്ജ്വലിച്ചിതു പാരം.



നോക്കരുതാതെയുള്ള തേജസ്സു കാൺകമൂലം 

ഉൾക്കാന്പിൽ നിനച്ചിതു കംസനും ഭയത്തോടെ:--



"ദേവകിയുടെ ഗർഭം തന്നിലുള്ളൊരു ബാലൻ 

കേവലം നാരായണൻ എന്നതു നിർണ്ണയിച്ചേൻ.



"ഇന്നു ഞാനിവൾതന്നെക്കൊന്നീടുന്നാകിലതു 

നന്നല്ല, ദുഷ് ക്കീർത്തിയും പാപവും ഉണ്ടാമല്ലോ!”



ഇത്തരം ചിന്തിച്ചവനെല്ലാനേരവും നിജ-

ശത്രുവാം വിഷ്ണുതന്നെച്ചിന്തിച്ചു വസിയ് ക്കയാൽ 50

ലോകവും വിഷ്ണു-മയമായ് ത്തന്നേ കണ്ടാനവൻ 

ആകുലം പൂണ്ടു പാരം പേടിച്ചു മരുവിനാൻ.



അക്കാലം ബ്രഹ്മാദികളാകിയ  ദേവകളും 

മുക്കണ്ണൻ   താനും മുനി-വൃന്ദവും ഒരുമിച്ച്

ആകാശ-മാർഗ്ഗേ നിന്നു ദേവകീ-ഗർഭസ്ഥനാം 

ലോകേശൻതന്നെ സ്തുതിചെയ് തിതു പലതരം.



ദേവകിയോടു പിന്നെച്ചൊല്ലിനാരവർകളും:--

"ദേവ-ദേവേശൻ തവ നന്ദനനായമൂലം 

എത്രയും ഭാഗ്യം നിനക്കുണ്ടെന്നേ പറയാവൂ.  

പുത്രനെക്കംസൻ വധിച്ചീടുകയില്ല നൂനം."                     60



ഇത്തരം  ഉരചെയ് തു പോയാരങ്ങവർകളും 

ഉത്തമമായ രണ്ടാം അദ്ധ്യായം  ഉരചെയ് തേൻ .                        62  

Comments

Popular posts from this blog

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 8, 9, & 10

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 4

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 1